ബിജെപി നേതാവിനു ക്രൂരമർദനം; പോലീസ് പണം നൽകി കേസ് അട്ടിമറിച്ചെന്ന് സന്ദീപ് വാര്യർ
Thursday, September 11, 2025 3:19 AM IST
വടക്കാഞ്ചേരി: ബിജെപി പ്രാദേശികനേതാവിനെ ക്രൂരമായി മർദിച്ച കേസ് പോലീസ് പണം നൽകി അട്ടിമറിച്ചെന്നു കെപിസിസി വക്താവ് സന്ദീപ് വാര്യർ.
2018-ൽ അന്നത്തെ കുന്നംകുളം എസ്ഐ ആയിരുന്ന, നിലവിൽ വടക്കാഞ്ചേരി സിഐയായ ഷാജഹാൻ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരേയായിരുന്നു കേസ്.
10 ലക്ഷം രൂപ നൽകി പോലീസ് കേസ് ഒത്തുതീർപ്പാക്കിയെന്നു സന്ദീപ് വാര്യർ ആരോപിച്ചു. ഇക്കാര്യത്തിൽ ബിജെപി മറുപടി പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
ബിജെപി നേതാവിനെ പോലീസ് കരിക്ക് തോർത്തിൽ കെട്ടിയാണ് മുതുകിൽ അടിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ നിയമപരമായി ശിക്ഷിക്കണമെന്നു സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് നേരിട്ട പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരത്തിലുള്ള ഒരുപാട് പരാതികൾ പൊതുസമൂഹത്തിനു മുന്നിൽവന്നത്. സുജിത്തിന്റെ കാര്യത്തിൽ സുജിത്തും കോൺഗ്രസ് നേതാവ് വർഗീസും എടുത്ത തീരുമാനംമൂലമാണ് ആ കേസ് അട്ടിമറിക്കാനാവാതെ പോയതതെന്നും സംസ്ഥാനസർക്കാരും പോലീസും പ്രതിക്കൂട്ടിലാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.