ആറന്മുള ഉത്തൃട്ടാതി ജലോത്സവം: മേലുകരയ്ക്കും കോറ്റാത്തൂരിനും മന്നം ട്രോഫി
Wednesday, September 10, 2025 2:21 AM IST
ആറന്മുള: പന്പയുടെ ഇരുകരകളിലുമായി തടിച്ചുകൂടിയവർക്ക് നയനാനന്ദ കാഴ്ചകൾ സമ്മാനിച്ച ഉത്തൃട്ടാതി ജലോത്സവത്തിൽ മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ മന്നം ട്രോഫി കരസ്ഥമാക്കി.
എ ബാച്ച് ഫൈനലിൽ മേലുകര ഒന്നാമതെത്തിയപ്പോൾ ബി ബാച്ചിൽ കോറ്റാത്തൂർ ജേതാക്കളായി. മികച്ച ചമയത്തിന് ഏർപ്പെടുത്തിയിട്ടുള്ള ആർ. ശങ്കർ സുവർണ ട്രോഫി നെല്ലിക്കൽ പള്ളിയോടം കരസ്ഥമാക്കി.
പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ ഇന്നലെ നടന്ന ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങളും മത്സര വള്ളംകളിയിൽ 50 പള്ളിയോടങ്ങളും പങ്കെടുത്തു. വള്ളങ്ങളുടെ വലിപ്പം അടിസ്ഥാനമാക്കി എ, ബി ബാച്ചുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചത്. എ ബാച്ചിലെ 35 പള്ളിയോടങ്ങളെ 11 ഗ്രൂപ്പുകളായും ബി ബാച്ചിലെ 15 പള്ളിയോടങ്ങളെ അഞ്ച് ഗ്രൂപ്പുകളായും തിരിച്ചായിരുന്നു മത്സര ക്രമീകരണം. വഞ്ചിപ്പാട്ടിന്റെ അകന്പടിയോടെ നടന്ന ജലഘോഷയാത്രയോടെയാണ് ജലമേളയ്ക്കു തുടക്കമായത്.
മത്സരവള്ളംകളിയുടെ ആവേശത്തേക്കാൾ ആറന്മുളയിലെ ജലഘോഷയാത്ര ആസ്വദിക്കാനാണ് ഏറെപ്പേരും എത്തുന്നത്. പള്ളിയോടങ്ങൾ നതോന്നത താളത്തിൽ തുഴയെറിഞ്ഞ് പാട്ടുപാടി നീങ്ങുന്ന കാഴ്ച പന്പയുടെ തീരങ്ങൾക്ക് പ്രത്യേക അനുഭവമാണ്.
ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ബാച്ചിലും പള്ളിയോടങ്ങൾ പന്പയിലൂടെ നീങ്ങുന്നത് കരകൾക്കു സമ്മാനിച്ചത് നയനാനന്ദ കാഴ്ചയാണ്. ജലോത്സവം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം ചലച്ചിത്രതാരം ജയസൂര്യ നിർവഹിച്ചു.