താനൂർ ബോട്ടപകടം: കമ്മീഷൻ റിപ്പോർട്ട് രണ്ടുമാസത്തിനകം
Wednesday, September 10, 2025 2:20 AM IST
തിരുവനന്തപുരം: മലപ്പുറം താനൂർ തൂവൽത്തീരം ബീച്ചിൽ 2023 മേയ് ഏഴിനുണ്ടായ ബോട്ടപകടം അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ. മോഹനൻ കമ്മീഷൻ അന്തിമ റിപ്പോർട്ട് രണ്ടു മാസത്തിനുള്ളിൽ സമർപ്പിക്കും.
അന്വേഷണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട തെളിവെടുപ്പു പൂർത്തിയായി. രണ്ടാംഘട്ടം ഇന്നു മുതൽ അടുത്ത മാസം 23 വരെ വിവിധയിടങ്ങളിലായി നടക്കും.
ആദ്യഘട്ട നിഗമനങ്ങളും രണ്ടാംഘട്ടത്തിലെ നിഗമനങ്ങളും ചേർത്തായിരിക്കും അന്തിമ റിപ്പോർട്ട് തയാറാക്കുകയെന്ന് പോലീസ് കംപ്ലെയിന്റ് അഥോറിട്ടി ചെയർമാൻകൂടിയായ ജസ്റ്റീസ് വി.കെ. മോഹനൻ പറഞ്ഞു.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയാണു യാത്രാബോട്ടാക്കി മാറ്റിയത്. ഇതാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ചു രണ്ടാംഘട്ടത്തിലെ തെളിവെടുപ്പിൽ അന്തിമ തീരുമാനത്തിലെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.