വലപ്പാട്ടും പോലീസിന്റെ ക്രൂരമർദനം; വാരിയെല്ല് പൊട്ടിയെന്ന് യുവാവ്
Wednesday, September 10, 2025 2:21 AM IST
തൃശൂര്‍: പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വലപ്പാട് പോലീസ് സ്റ്റേഷനിലെ എസ്ഐയും പോലീസുകാരും ചേർന്നു ക്രൂരമായി മര്‍ദിച്ചതായി യുവാവിന്റെ പരാതി. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും അര്‍ധരാത്രി വീട്ടിലെത്തി പരിശോധന നടത്തിയെന്നും നാട്ടിക ചളിങ്ങാട് വീട്ടില്‍ അജിത്കുമാറിന്റെ മകന് രാംസരോജ് (25) പത്രസമ്മേളനത്തിൽ പറഞ്ഞു.
ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് വാരിയെല്ലുകൾക്കു പൊട്ടലുണ്ടായി. തുടർന്നു മെഡിക്കൽ കോളജിലെ ഡോക്ടർമാർ രണ്ടുമാസം വിശ്രമത്തിനു നിര്‍ദേശിച്ചു. പെണ്‍കുട്ടിയുമൊത്ത് കഴിഞ്ഞ ജൂണ്‍ ഏഴിനു ചെന്നൈയിലേക്കു പോകാനിരിക്കേ പാലക്കാട് റെയില്‍വേ സ്റ്റേഷനിൽവച്ചു പിടികൂടിയശേഷം വലപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചു. തന്റെ കൂട്ടുകാരെയും ബന്ധുക്കളെയും അടക്കം പോലീസ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ജൂണ്‍ ഏഴ്, 13 തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
23നു സ്നേഹതീരത്തുനിന്നു രാംസരോജിനെയും സുഹൃത്തുക്കളെയും വീണ്ടും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം നടത്തിയശേഷം നാടുവിട്ടുപോയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണി മുഴക്കി. തുടർന്നു മർദനത്തിനിടെ നെഞ്ചില്‍ ചവിട്ടേറ്റതോടെ ശ്വാസം നിലയ്ക്കുന്ന അവസ്ഥയുണ്ടായി.
ഷൂ അഴിച്ചുവയ്പിച്ചശേഷം കാലിന്റെ അടിയിലും മര്‍ദിച്ചു. ഇരുമ്പുസ്കെയില് ഉപയോഗിച്ചും അടിച്ചു. ലാത്തി ഒടിഞ്ഞപ്പോഴാണ് മര്‍ദനം നിര്‍ത്തിയത്. കുനിച്ചുനിര്‍ത്തി മുട്ടുകൈകൊണ്ടും മര്‍ദിച്ചു. അടിവസ്ത്രം മാത്രം അനുവദിച്ച് സെല്ലിലടച്ചു.
പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന് കൃത്രിമ പരിക്കുകളുമായെത്തി താൻ മര്‍ദിച്ചതാണെന്നു പറഞ്ഞ് കള്ളക്കേസുമെടുപ്പിച്ചു. പിന്നീടായിരുന്നു സിഐയുടെ മര്‍ദനം-രാംസരോജ് പറഞ്ഞു.
തുടര്‍ന്നു മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ വേളയില്‍, മര്‍ദനത്തെക്കുറിച്ച് പറഞ്ഞാല്‍ വീണ്ടും പണിതരുമെന്നു ഭീഷണിപ്പെടുത്തിയെന്നും രാംസരോജ് പറഞ്ഞു.
മകനു മാനസികദൗര്ബല്യമുള്ളതു വകവയ്ക്കാതെയാണ് വലപ്പാട് എസ്ഐ എബിന്, പോലീസുകാരായ ഭരതനുണ്ണി, പ്രണവ് എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചതെന്നും എസ്എച്ച്ഒ രമേശ് എത്തിയശേഷവും കൊടുംമര്ദനമുണ്ടായെന്നും അജിത് കുമാർ പറഞ്ഞു.