കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ട് വിതരണത്തിൽ ആശങ്കയെന്ന് വി. ശിവൻകുട്ടി
Tuesday, September 9, 2025 1:23 AM IST
തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത 27,833 കോടി രൂപയുടെ ഫണ്ടിൽ നിന്ന് കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളെ പൂർണമായും ഒഴിവാക്കിയതിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആശങ്ക രേഖപ്പെടുത്തി. ഇത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ വർഷങ്ങളിലെ കുടിശിക ഉൾപ്പെടെ സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടത് 1,148 കോടി രൂപയാണ്. എന്നാൽ, ഈ തുക നൽകാതെ ചില സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ട് വിവേചനപരമായ സമീപനം കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.
കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ നിലവിൽ സമഗ്ര ശിക്ഷാ കേരളയിൽ പ്രവർത്തിക്കുന്ന 6,817 ജീവനക്കാരുടെ ശമ്പളം സംസ്ഥാന സർക്കാരാണ് നൽകുന്നത്. ഇതിനായി പ്രതിമാസം ഏകദേശം 20 കോടിയോളം രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്.
ജീവനക്കാരുടെ ശമ്പളത്തിന് പുറമെ, വിദ്യാർഥികൾക്കുള്ള യൂണിഫോം, പാഠപുസ്തകങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ ചെലവുകളും സംസ്ഥാന സർക്കാർ തന്നെ വഹിക്കുന്നുണ്ട്. ഈ വിഷയത്തിൽ കേരളത്തിന്റെ അവകാശം നേടിയെടുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, ആശങ്കകൾ അറിയിക്കുന്നതിനായി പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും കൂടിക്കാഴ്ചയ്ക്ക് സമയം തേടുമെന്നും അദ്ദേഹം അറിയിച്ചു.