“ഞാനായിരുന്നെങ്കിൽ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിക്കില്ലായിരുന്നു’’; വി.ഡി. സതീശനെതിരേ കെ. സുധാകരൻ
Sunday, September 7, 2025 1:35 AM IST
കണ്ണൂർ: മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
താനായിരുന്നുവെങ്കിൽ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിക്കില്ലെന്നും കുന്നംകുളത്തെ കോൺഗ്രസ് പ്രവർത്തകനെ പോലീസ് സ്റ്റേഷനിൽവച്ച് പോലീസുകാർ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സതീശൻ മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഓണസദ്യ കഴിച്ചത് വളരെ മോശമായിപ്പോയെന്നും കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച സംഭവത്തെ പാർട്ടി നിയമപരമായി നേരിടും. ഇക്കാര്യം പാർട്ടി ഏറ്റെടുക്കാൻ വൈകിയതു ന്യായീകരിക്കാനാകില്ല. പരാതിക്കാരന് പാർട്ടി എല്ലാ പിന്തുണയും നൽകും. യൂത്ത് കോൺഗ്രസിനു പുതിയ പ്രസിഡന്റിന്റെ കണ്ടെത്താനാകാത്തതു പോരായ്മയാണ്.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. പാർട്ടിയിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്’’- സുധാകരൻ പറഞ്ഞു.
കെപിസിസിയുടെ ഔദ്യോഗിക പേജിൽ ബീഡി, ബീഹാർ വിവാദത്തിനിടയാക്കിയ പോസ്റ്റിട്ടത് ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ കൈകാര്യം ചെയ്യുന്നവർക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.