“വികസനസദസുമായി യുഡിഎഫ് സഹകരിക്കില്ല”
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്പോൾ തദ്ദേശസ്ഥാപനങ്ങളുടെ പണമെടുത്ത് സർക്കാർ വികസന സദസ് സംഘടിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന സദസുമായി യുഡിഎഫ് ഒരുതരത്തിലും സഹകരിക്കില്ല.
തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്ക് 9,000 കോടി രൂപ കൊടുക്കേണ്ട സ്ഥാനത്ത് ആറായിരം കോടി മാത്രമാണ് കൊടുത്തിരിക്കുന്നത് ഫണ്ട് വെട്ടിക്കുറച്ചും വൈകിച്ചും പ്രാദേശിക സർക്കാരുകളെ കഴുത്തുഞെരിച്ചു കൊന്ന സർക്കാരാണിത്. എന്നിട്ടാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സ്വന്തം ഫണ്ടിൽ നിന്നും പണമെടുത്ത് വികസന സദസ് നടത്താൻ നിർദേശിച്ചിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിനു മുൻപ് നടത്തിയ പ്രഹസനമായി മാറിയ നവകേരള സദസിന്റെ കണക്കു പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥരെ വച്ച് കോടിക്കണക്കിനു രൂപയാണ് നവകേരള സദസിനു വേണ്ടി പിരിച്ചെടുത്തത്.
കണക്ക് ഹാജരാക്കാതെ കോടികൾ വിഴുങ്ങിയ നവകേരള സദസിനു സമാനമായി സാധാരണക്കാർ നൽകിയ പണം ഉപയോഗിച്ച് എന്ത് വികസന സദസാണ് നടത്താൻ പോകുന്നത്.
രാഷ്ട്രീയ പ്രചാരണതത്തിനു വേണ്ടി പണം ദുർവ്യയം ചെയ്യുന്ന വികസന സദസുമായി യുഡിഎഫിനു യോജിക്കാനാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.