ജിഎസ്ടിയിൽ ഓണം ബംപർ
Thursday, September 4, 2025 2:15 AM IST
►ഇനി രണ്ടു സ്ലാബുകൾ മാത്രം
► നിരവധി നിത്യോപയോഗ സാധനങ്ങൾക്കു നികുതിയില്ല
►വ്യക്തിഗത ഇൻഷ്വറൻസുകൾക്ക് നികുതിയില്ല
►മൂന്നു ജീവൻരക്ഷാ മരുന്നുകളുടെ നികുതി ഒഴിവാക്കി
► നികുതിമാറ്റങ്ങൾ ഈ മാസം 22ഓടെ പ്രാബല്യത്തിൽ വരും
► ആഡംബര വാഹനങ്ങൾക്ക് 40 ശതമാനം നികുതി
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) യിൽ സമഗ്ര മാറ്റം. നിരവധി നിത്യോപയോഗ സാധനങ്ങളെയും വ്യക്തിഗത ഇൻഷ്വറൻസുകളെയും നികുതിയിൽനിന്ന് സമ്പൂർണമായി ഒഴിവാക്കി.
നികുതി 5, 18 എന്നിങ്ങനെ രണ്ടു സ്ലാബുകളാക്കി നിജപ്പെടുത്തി. ആരോഗ്യത്തിനു ഹാനികരമായ പാൻ, ഗുഡ്ക ഉത്പന്നങ്ങൾക്കും ആഡംബര വാഹനങ്ങൾക്കും 40 ശതമാനം നികുതിയുണ്ടാകും.
ഇന്നലെ ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗണ്സിലാണ് നിർണായക തീരുമാനമെടുത്തത്.
യോഗത്തിനുശേഷം രാത്രി പത്തരയോടെയാണ് ധനമന്ത്രി നിർമല സീതാരാമൻ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. നികുതിമാറ്റങ്ങൾ ഈ മാസം 22ഓടെ പ്രാബല്യത്തിൽ വരും.
പുതിയ പരിഷ്കരണപ്രകാരം 90 ശതമാനം സാധനങ്ങൾക്കും നിലവിലെ 28 ശതമാനം നികുതിയെന്നത് 18 ശതമാനമായി കുറയും. വ്യക്തിഗത ഇൻഷ്വറൻസുകൾക്ക് നികുതിയില്ല. ഓക്സിജൻ, ഗ്ലൂക്കോമീറ്റർ കിറ്റുകൾക്ക് നികുതി ഒഴിവാക്കി.
ഏഴു വർഷം മുന്പ് നിലവിൽ വന്ന നികുതിഘടനയാണ് അടിമുടി പൊളിച്ചെഴുതുന്നത്.
5, 12, 18, 28 ശതമാനത്തിലുള്ള നാല് നികുതിസ്ലാബുകളാണ് നിലവിലുണ്ടായിരുന്നത്. പുതിയ തീരുമാനപ്രകാരം 12, 28 ശതമാനം പൂർണമായും ഇല്ലാതാകും. സിമന്റിന്റെ നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനമാക്കി.
പുതിയ പരിഷ്കരണം മധ്യവർഗ വിഭാഗങ്ങൾക്ക് ആശ്വാസമേകുമെന്നും സുതാര്യവും വിശാലവുമായ സന്പദ്വ്യവസ്ഥ സൃഷ്ടിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
നികുതി കുറയുന്നവ
നിത്യോപയോഗ സാധങ്ങൾ
ഹെയർ ഓയിൽ, ഷാംപൂ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്, ഷേവിംഗ് ക്രീം (18 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറയും.)
വെണ്ണ, നെയ്യ്, ചീസ്, പനീർ, കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കൽ ഡയപ്പറുകൾ, പായ്ക്ക് ചെയ്ത മിക്സ്ചറുകൾ, തയ്യൽ മെഷീനുകളും അവയുടെ പാർട്സുകളും (12 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറയും.)
കാർഷിക മേഖല
ട്രാക്ടറുകളുടെ ടയറുകളും പാർട്സുകളും (18 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറയും.)
ട്രാക്ടറുകൾ, ജൈവവ കീടനാശിനികൾ, ഡ്രിപ് ഇറിഗേഷൻ സംവിധാനങ്ങൾ, മണ്ണൊരുക്കലിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ (12 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറയും.)
ഓട്ടോമൊബൈൽ
1200 സിസിക്ക് താഴെയുള്ള പെട്രോൾ, ഹൈബ്രിഡ്, എൽപിജി, സിഎൻജി കാറുകൾ, 1500 സിസിക്ക് താഴെയുള്ള ഡീസൽ കാറുകൾ, മുച്ചക്ര വാഹനങ്ങൾ, 350 സിസിക്ക് താഴെയുള്ള ബൈക്കുകൾ, ചരക്കു വാഹനങ്ങൾ (28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയും.)
ഇലക്ട്രോണിക് ഉപകരണങ്ങൾ
എസി, 32 ഇഞ്ചിൽ കൂടുതലുള്ള ടെലിവിഷൻ, കംപ്യൂട്ടർ മോണിറ്ററുകൾ, പ്രൊജക്ടറുകൾ (28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയും.)
ആരോഗ്യ മേഖല
വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് (ജിഎസ്ടി ഇല്ല.)
കാൻസർ രോഗങ്ങൾക്കും ഗുരുതര രോഗങ്ങൾക്കും ഉപയോഗിക്കുന്ന മൂന്നു ജീവൻ രക്ഷാ മരുന്നുകളുടെ നികുതി ഒഴിവാക്കി.
തെർമോമീറ്റർ (18 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറയും.)
മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, രോഗനിർണയ കിറ്റുകൾ, ഗ്ലുക്കോമീറ്റർ, ലെൻസുകൾ (12 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറയും.)
വിദ്യാഭ്യാസ ഉപകരണങ്ങൾ
ചാർട്ട് പേപ്പർ, മാപ്പ്സ്, ഗ്ലോബ്, പെൻസിൽ, ഷാർപ്പ്നർ, ഇറേസർ, ക്രെയോൺസ്, നോട്ട് ബുക്ക് (ജിഎസ്ടി ഇല്ല.)
നികുതി കൂടുന്നവ
പഞ്ചസാര ചേർത്ത എയറേറ്റഡ് പാനീയങ്ങളുടെയും കഫീൻ അടങ്ങിയതും മദ്യമില്ലാത്തതുമായ പാനീയങ്ങളുടെയും നികുതി 28 ശതമാനത്തിൽനിന്ന് കുത്തനേ 40 ശതമാനമായി ഉയരും. ആഡംബര കാറുകൾക്കും പാൻ, ഗുഡ്ക ഉത്പന്നങ്ങൾക്കും നികുതി 40 ശതമാനമാകും.