നവജാതശിശുക്കളെ എലി കടിച്ച സംഭവം; രണ്ടാമത്തെ കുഞ്ഞും മരണത്തിനു കീഴടങ്ങി
Thursday, September 4, 2025 2:15 AM IST
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലിയുടെ കടിയേറ്റ രണ്ടാമത്തെ പിഞ്ചുകുഞ്ഞും മരണത്തിനു കീഴടങ്ങി. ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുഞ്ഞുങ്ങളെയാണ് കഴിഞ്ഞദിവസം എലികടിച്ചത്.
കടിയേറ്റ ഒരു കുട്ടി ചൊവ്വാഴ്ച മരിച്ചിരുന്നു. രക്തത്തിലെ അണുബാധയെത്തുടർന്നാണ് രണ്ടാമത്തെ കുട്ടിയുടെ മരണമെന്ന് അധികൃതർ വിശദീകരിക്കുന്നു, ആദ്യത്തെ മരണം ന്യൂമോണിയ മൂലമെന്നും അവർ പറയുന്നു.രണ്ടാമത്തെ കുഞ്ഞിന് കുടലിന് ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജിതേന്ദ്ര വർമ അറിയിച്ചു.
വെറും 1.60 കിലോമാത്രമായിരുന്നു കുട്ടിയുടെ തൂക്കം. ഏതാനുംദിവസം മുന്പാണ് കുട്ടി ശസ്ത്രക്രിയയ്ക്കു വിധേയയായത്. രക്തത്തിലെ അണുബാധ മൂലം ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളുടെ അഭ്യർഥനപ്രകാരം പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. കുട്ടിയുടെ ഇടതുകൈയിലെ രണ്ടു വിരലുകളിലാണ് എലിയുടെ കടിയേറ്റതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾക്ക് എലിയുടെ കടിയേറ്റ സംഭവത്തിൽ പ്രാഥമികാന്വേഷണത്തെ തുടർന്ന് രണ്ട് നഴ്സിംഗ് ഓഫീസർമാരെ സസ്പൻഡ് ചെയ്തു. ഒരാളെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ശുചീകരണത്തിന്റെ ചുമതലയുള്ള സ്ഥാപനത്തിന് നോട്ടീസ് അയച്ച അധികൃതർ ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.