ധൻകർ ഔദ്യോഗിക വസതിയൊഴിഞ്ഞു
Tuesday, September 2, 2025 1:29 AM IST
ന്യൂഡൽഹി/ചണ്ഡിഗഡ്: ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ച് ആറാഴ്ചയ്ക്കുശേഷം ജഗ്ദീപ് ധൻകർ ഔദ്യോഗികവസതി ഒഴിഞ്ഞു.
തെക്കൻ ഡൽഹിയിലെ ഛത്താർപുരയിലെ ഒരു സ്വകാര്യഫാം ഹൗസിലേക്കാണു ധൻകർ മാറിയത്. ഐഎൻഎൽഡി നേതാവ് അഭയ് ചൗത്താലയുടെ ഉടമസ്ഥതയിലുള്ളതാണ് ഗഡായ്പുർ മേഖലയിലുള്ള ഫാംഹൗസ്.
മുൻ ഉപരാഷ്ട്രപതിമാർക്ക് അനുവദിക്കുന്ന ഔദ്യോഗിക വസതി ലഭിക്കുന്നതുവരെയാകും ധൻകർ ഫാംഹൗസിൽ തുടരുക. എന്നാൽ, ഔദ്യോഗികവസതിക്കുവേണ്ടി ധൻകർ അപേക്ഷയൊന്നും സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ഭവന മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.
ഹരിയാന മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ മകനാണ് അഭയ് ചൗതാല. കുടുംബാംഗത്തെപ്പോലെയാണ് ജഗ്ദീപ് ധൻകർ എന്ന് അഭയ് ചൗതാല പ്രതികരിച്ചു.