കനത്ത മഴ; യമുനയിൽ ജലനിരപ്പ് ഉയരുന്നു
Monday, September 1, 2025 2:18 AM IST
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ഡൽഹിയിൽ യമുനാ നദിയിൽ ജലനിരപ്പ് അപകടനിലയിലേക്ക്. ഇന്നലെ രാവിലെ ജലനിരപ്പ് 205.22 മീറ്ററായി ഉയർന്നു. നഗരത്തിലേക്കുള്ള മുന്നറിയിപ്പ് അടയാളം 204.50 മീറ്ററും അപകടരേഖ 205.33 മീറ്ററുമാണ്.
ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്ക സാഹചര്യം നേരിടുന്നതിന് മുന്നൊരുക്കം തുടങ്ങിയതായി അധികൃതർ പറഞ്ഞു. പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാന്പ് തുറന്നു. വസിരാബാദ്, ഹത്നികുണ്ഡ് എന്നീ അണക്കെട്ടുകളിൽനിന്ന് ഒഴുക്ക് ശക്തമായതാണ് ജലനിരപ്പുയരാൻ കാരണം. ഹത്നികുണ്ഡിൽനിന്നു മാത്രം മണിക്കൂറിൽ 46,968 ക്യൂസെക് വെള്ളമാണു നദിയിലേക്കെത്തുന്നത്. ഈമാസം അഞ്ചുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.