ജപ്പാൻ, ചൈന സന്ദർശനം: മോദി ഇന്നു ടോക്കിയോയിൽ
Friday, August 29, 2025 1:27 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ ഉയർത്തിയ പ്രതിസന്ധിക്കിടെ ജപ്പാൻ, ചൈന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി യാത്രതിരിച്ചു.
ചൈനയിലെ ടിയാൻജിനിൽ ഞായറാഴ്ച നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഇരുവരുമായുള്ള മോദിയുടെ ചർച്ചകൾക്ക് ആഗോള, ദേശീയ പ്രാധാന്യമേറെയാണ്.
ചൈനയിലും ജപ്പാനിലും ഏഴു വർഷത്തിനുശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന ഔദ്യോഗിക സന്ദർശനം ഇന്ത്യക്കു നിർണായകമാണ്. ഇന്നു പുലർച്ചെ ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെത്തുന്ന മോദി ഇന്നും നാളെയുമായി നടക്കുന്ന 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ചർച്ചകൾ നടത്തും.
ഇന്ത്യയിലുടനീളം റെയിൽവേ, റോഡുകൾ, പാലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ മൊബിലിറ്റി പങ്കാളിത്തവും ഡിജിറ്റൽ പങ്കാളിത്തവും ആരംഭിക്കുന്നതിനും ഊർജപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ- ജപ്പാൻ ഉച്ചകോടിയിൽ ധാരണയാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന നിരവധി ധാരണാപത്രങ്ങളിൽ ഒപ്പിടുമെന്ന് ജപ്പാനിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ സിബി ജോർജ് പറഞ്ഞു.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ 25-ാമത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആഗോളരാഷ്ട്രീയത്തെയും സാന്പത്തികനയങ്ങളെയും സ്വാധീനിക്കും.
ടിയാൻജിനിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി, റഷ്യൻ പ്രസിഡന്റ് പുടിൻ, ഇന്ത്യൻ പ്രധാനമന്ത്രി മോദി ഉൾപ്പെടെ ഇരുപതിലധികം ലോകനേതാക്കളും മധ്യ- ദക്ഷിണ- തെക്കുകിഴക്കൻ ഏഷ്യ, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രധാന നേതാക്കളും പങ്കെടുക്കും. എസ്സിഒ ഉച്ചകോടിക്കൊപ്പം ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് കൂട്ടായ്മയ്ക്കും ഇന്ത്യ പ്രധാന്യം നൽകുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി.
ജപ്പാനുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ ബന്ധത്തിന് പുതിയൊരു ഉണർവ് നൽകുന്നതാകും ഉച്ചകോടിയെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.