വോട്ട്കൊള്ള നടന്നത് 70-80 ലോക്സഭാ സീറ്റുകളിൽ
Thursday, August 28, 2025 3:05 AM IST
സീതാമർഹി: കഴഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 70-80 സീറ്റുകളിൽ കേന്ദ്ര സർക്കാർ വോട്ട് കൊള്ള നടത്തിയെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി സീതാമർഹിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"70-80 ലോക്സഭാ സീറ്റുകളിൽ ബിജെപി വോട്ട്കൊള്ള നടത്തിയെന്നു പൂർണ ആത്മവിശ്വാസത്തോടെ എനിക്കു പറയാനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർ വോട്ട്കള്ളന്മാരാണ്. ആറു മാസത്തിനകം ഇവരെ ഞാൻ തുറന്നുകാട്ടും.
ബിജെപി ആദ്യം നിങ്ങളുടെ വോട്ട് കവരും; തുടർന്ന് മറ്റ് അവകാശങ്ങളും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മഹാരാഷ്ട്രയിൽ ബിജെപി വ്യാജ വോട്ടർമാരെ ചേർത്തു. ഗുജറാത്ത് മോഡൽ എന്നാൽ വോട്ട് കൊള്ളയാണ്’- രാഹുൽ പറഞ്ഞു.