‘മികച്ച ഡീൽ’ ആര് നൽകിയാലും സ്വീകരിക്കുമെന്ന് ഇന്ത്യ
Tuesday, August 26, 2025 1:51 AM IST
മോസ്കോ: ‘മികച്ച ഡീൽ’ ആര് നൽകിയാലും അത് സ്വീകരിച്ച് അവരിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്നു റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ്കുമാർ.
റഷ്യൻ എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന്റെ പേരിൽ യുഎസ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫും 25 ശതമാനം പിഴച്ചുങ്കവും പ്രാബല്യത്തിൽ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യക്കുമേൽ രണ്ടാം ഘട്ട താരിഫുകളും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. വാൻസിന്റെ പ്രഖ്യാപനം അന്യായമാണെന്ന് വ്യക്തമാക്കിയ വിനയ്കുമാർ, ഇന്ത്യയുടെ വ്യാപാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിപണി സാഹചര്യങ്ങളെ ആശ്രയിച്ചാണെന്നും രാജ്യത്തിന്റെ ഊർജ സുരക്ഷയാണു പരമമായ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തിന് അന്ത്യം കുറിക്കാനാണ് നീക്കമെന്നാണ് യുഎസ് നൽകുന്ന വിശദീകരണം. 2024ലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 35-40 ശതമാനം വരെ റഷ്യയിൽനിന്നായിരുന്നു. 2021ൽ ഇത് വെറും മൂന്ന് ശതമാനമായിരുന്നു. ഇതിനു പുറമേ, ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രംഗത്തു വന്നു. റഷ്യയുമായി വിപുലമായ വ്യാപാരബന്ധം പുലർത്തുന്ന ചൈനയ്ക്കു മേൽ രണ്ടാം ഘട്ട താരിഫുകൾ ചുമത്താൻ യുഎസ് തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.