ഓപ്പണ്‍ എഐയുടെ രാജ്യത്തെ ആദ്യ ഓഫീസ് ഡൽഹിയിൽ
Saturday, August 23, 2025 1:58 AM IST
ന്യൂഡൽഹി: പ്രമുഖ എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ മാതൃകന്പനിയായ ഓപ്പണ്‍ എഐ ഇന്ത്യൻ വിപണിയിലേക്ക്.
രാജ്യത്തെ ആദ്യ ഓഫീസ് ഈ വർഷം ന്യൂഡൽഹിയിൽ തുറക്കാനാണു നിർമിതബുദ്ധി വിപണിയിലെ വന്പന്മാരായ ഓപ്പണ്‍ എഐ പദ്ധതിയിടുന്നത്. ഇന്ത്യയിൽ നിയമപരമായി ഒരു സ്ഥാപനം ആരംഭിച്ചു കഴിഞ്ഞുവെന്നും പ്രാദേശിക ജീവനക്കാർക്കുവേണ്ടിയുള്ള നിയമനങ്ങൾ നടത്തിത്തുടങ്ങിയെന്നും ഓപ്പണ്‍ എഐ അറിയിച്ചു.
ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൃത്യമായ തീയതിയോ ഓഫീസ് ലൊക്കേഷൻ എവിടെയാണെന്നോ ഓപ്പണ്‍ എഐ വെളിപ്പെടുത്തിയിട്ടില്ല. സെയിൽസ് വിഭാഗത്തിൽ അക്കൗണ്ട് ഡയറക്ടർ തസ്തികകളിലാണു നിലവിൽ ഓപ്പണ്‍ എഐ റിക്രൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.
അമേരിക്ക കഴിഞ്ഞാൽ ചാറ്റ് ജിപിടിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിൽ ഓഫീസ് ആരംഭിക്കുന്നതിലൂടെ വിദ്യാർഥികളും പ്രൊഫഷണൽസും ഡെവലപ്പേഴ്സും ഉൾപ്പെടെയുള്ള കോടിക്കണക്കിന് ഉപയോക്താക്കളെയാണ് ഓപ്പണ്‍ എഐ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയെ നോട്ടമിട്ട് പ്രതിമാസം 399 രൂപ വില വരുന്ന ചാറ്റ് ജിപിടി ഗോ എന്ന പുതിയ വേർഷനും ഓപ്പണ്‍ എഐ കഴിഞ്ഞദിവസം രാജ്യത്ത് അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിൽ ഓഫീസ് ആരംഭിക്കുന്നത് ഇന്ത്യ എഐ മിഷനോടുള്ള തങ്ങളുടെ പിന്തുണയും ഇന്ത്യക്കുവേണ്ടി ഇന്ത്യയോടൊപ്പം നിർമിതബുദ്ധി വികസിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഓപ്പണ്‍ എഐ സ്ഥാപകൻ സാം ആൾട്ട്മാൻ പ്രസ്താവനയിൽ അറിയിച്ചു.
വിപണി വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രാജ്യത്ത് ഈ മാസം വിദ്യാഭ്യാസ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനും ഓപ്പണ്‍ എഐ ലക്ഷ്യമിടുന്നുണ്ട്.