ഛത്തീസ്ഗഡ് സംഭവം: ബജ്രംഗ് ദൾ പ്രവർത്തകർക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവതികൾ വനിതാ കമ്മീഷനിൽ
Friday, August 22, 2025 3:20 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്യാനെത്തിയ തങ്ങളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ നടപടി ആവശ്യപ്പെട്ട് ആദിവാസി യുവതികൾ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു.
പോലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ തയാറാകാത്ത സാഹചര്യത്തിലാണു ഛത്തീസ്ഗഡിലെ നാരായൺപുർ സ്വദേശികളായ മൂന്ന് ആദിവാസി യുവതികൾ വനിതാ കമ്മീഷനെ സമീപിച്ചത്.
പരാതിയിൽ ബുധനാഴ്ച റായ്പുരിലെ ആസ്ഥാനത്ത് കമ്മീഷൻ ആദ്യ ഹിയറിംഗ് നടത്തിയതായി യുവതികളുടെ അഭിഭാഷകൻ ഫൂൽസിംഗ് കാച്ചലാം അറിയിച്ചു. കേസിൽ അടുത്തതവണ വാദം കേൾക്കുന്പോൾ ഹാജരാകാൻ ആവശ്യപ്പെട്ട് ബജ്രംഗ്ദൾ നേതാക്കളായ ജ്യോതി ശർമ, രത്തൻ യാദവ്, രവി നിഗം എന്നിവർക്കു കമ്മീഷൻ നോട്ടീസ് അയച്ചു.
യുവതികളോട് ബജ്രംഗ്ദൾ പ്രവർത്തകർ അപമര്യാദയായി പെരുമാറിയതായി പരാതിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 19നും 24 നും ഇടയിൽ പ്രായമുള്ള യുവതികൾ വീട്ടുകാരുടെ സമ്മതത്തോടെയാണു ജോലിക്കായി കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്യാനായി വന്നത്. ഇവർ സ്വമേധയാ ക്രൈസ്തവവിശ്വാസം പിന്തുടരുന്നവരാണ്.
റെയിൽവേ സ്റ്റേഷനിൽ വച്ച് അപമര്യാദയായി പെരുമാറുകയും ജാതീയമായി അധിക്ഷേപിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തു. ബജ്രംഗ്ദൾ നേതാക്കളായ ജ്യോതി ശർമ, രത്തൻ യാദവ്, രവി നിഗം എന്നിവരാണു അതിക്രമത്തിനു നേതൃത്വം നൽകിയത്. -പരാതിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം 25നാണ് മലയാളി കന്യാസ്ത്രീമാർക്കൊപ്പം ദുർഗ് റെയിൽവേ സ്റ്റേഷനിൽ കാണപ്പെട്ട യുവതികളെയും ഒരു യുവതിയുടെ സഹോദരനെയും മനുഷ്യക്കടത്ത് ആരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകന്റെ പരാതിപ്രകാരം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന യുവതികളെയും യുവാവിനെയും നിർബന്ധിത മതംമാറ്റത്തിനു വിധേയരാക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതി.
കന്യാസ്ത്രീകളും കൂടെയുണ്ടായിരുന്നവരും ആരോപണം നിഷേധിച്ചെങ്കിലും ബജ്രംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തിനു വഴങ്ങി റെയിൽവേ പോലീസ് കന്യാസ്ത്രീകളെയും ആദിവാസി യുവാവിനെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. പത്തുദിവസം ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞശേഷമാണു മൂവരും എൻഐഎ കോടതിയിൽനിന്നു ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്.