പാർലമെന്റിലെ പ്രതിഷേധക്കൊടുങ്കാറ്റിനു ശമനം; വർഷകാല സമ്മേളനം സമാപിച്ചു
Friday, August 22, 2025 3:20 AM IST
സനു സിറിയക്
ന്യൂഡൽഹി: ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി മുതലുള്ള സംഭവവികാസങ്ങൾക്കു സാക്ഷ്യം വഹിച്ചശേഷം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു സമാപനം.
"വോട്ടുകൊള്ള’യ്ക്കെതിരേയും ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനരവലോകനത്തിനെതിരേയും (എസ്ഐആർ) പ്രതിപക്ഷം നടത്തിയ പ്രതിഷേധത്താൽ കലുഷിതമായിരുന്നു സമ്മേളനദിനങ്ങൾ. പ്രതിപക്ഷബഹളം മുതലെടുത്ത് നിരവധി സുപ്രധാന ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്നതിനും സമ്മേളനം സാക്ഷ്യം വഹിച്ചു.
ധൻകറിൽ തുടങ്ങി വിവാദ ബില്ലിൽ അവസാനം
ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയ വിഷയത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയങ്ങൾ ഇരുസഭകളിലെയും എംപിമാർ ഒപ്പുവച്ച് അതത് സഭാധ്യക്ഷന്മാർക്കു കൈമാറിയതായിരുന്നു ആദ്യദിനം അവസാനിക്കുന്പോൾ പാർലമെന്റിലെ പ്രധാന ചർച്ചാവിഷയമെങ്കിലും അന്ന് അർധരാത്രിയോടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത് ഏവരെയും ഞെട്ടിച്ചു. രാജിയെക്കുറിച്ച് ഭരണപക്ഷം ഇനിയും പ്രതികരിച്ചിട്ടില്ല. ധൻകറാകട്ടെ, കാണാമറയത്തുമാണ്. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രതിപക്ഷ പ്രമേയം രാജ്യസഭയിൽ സ്വീകരിച്ചതാണു ധൻകറിനെ രാജിവയ്ക്കാൻ നിർബന്ധിതനാക്കിയതെന്നാണ് കരുതപ്പെടുന്നത്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ച ആവശ്യപ്പെട്ടാണ് ആദ്യദിനങ്ങളിൽ സഭാ നടപടികൾ തടസപ്പെട്ടതെങ്കിലും ഈ ചർച്ചയ്ക്കുശേഷം ബിഹാറിലെ വോട്ടർപട്ടിക പുനഃപരിശോധനാ വിവാദം ചൂടുപിടിച്ചു. ചർച്ചയിൽ ലോക്സഭാ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലിനും പാർലമെന്റ് സാക്ഷ്യം വഹിച്ചു.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ബിഹാറിലെ എസ്ഐആർ നടപടിക്കെതിരേ പ്രതിഷേധം ശക്തമാക്കിയതിനിടെ രാഹുൽ ഗാന്ധി നടത്തിയ "വോട്ട് ചോരി’ വാർത്താസമ്മേളനം പ്രതിപക്ഷത്തിന് ഊർജമായി.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തുറന്നുകാട്ടിയുള്ള രാഹുലിന്റെ പത്രസമ്മേളനം രാജ്യമാകെ ചർച്ചാവിഷയമാകുകയും 300ലധികം എംപിമാർ പാർലമെന്റിൽനിന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി അറസ്റ്റ് വരിക്കുകയും ചെയ്തു.
രാഹുൽ ഉന്നയിച്ച ഗുരുതരആരോപണങ്ങളോടൊപ്പം ബിഹാറിലെ എസ്ഐആർ വിഷയവും പ്രതിപക്ഷം ആയുധമാക്കി ഭരണപക്ഷത്തിനെതിരേ ശക്തമായ പ്രതിഷേധം അഴിച്ചുവിടുന്പോഴായിരുന്നു വിവാദ സ്വഭാവമുള്ള ബിൽ അവതരിപ്പിച്ചു കേന്ദ്രം വാർത്താപ്രാധാ ന്യം മാറ്റിയത്.
അഞ്ചു വർഷം തടവിൽ കഴിയാവുന്ന കുറ്റകൃത്യങ്ങളിലുൾപ്പെട്ട മന്ത്രിമാരെ അധികാരസ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ബില്ല് കീറിയെറിഞ്ഞാണു പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്.
ലോക്സഭ പ്രവർത്തിച്ചത് 37 മണിക്കൂർ മാത്രം
മുൻകൂട്ടി നിശ്ചയിച്ചതുപോലെ 21 ദിവസും പാർലമെന്റ് സമ്മേളിച്ചെങ്കിലും പദ്ധതിയിട്ടതിന്റെ മൂന്നിൽ രണ്ടു സമയവും സഭാ നടപടികൾ തടസപ്പെട്ടു. ചോദ്യോത്തരവേളയ്ക്കായി നൽകിയ സമയത്തിൽ ലോക്സഭ 23 ശതമാനം സമയം പ്രവർത്തിച്ചപ്പോൾ രാജ്യസഭ ആറു ശതമാനം മാത്രമാണു പ്രവർത്തിച്ചത്.
120 മണിക്കൂർ ചർച്ച നടക്കേണ്ടിടത്ത് ലോക്സഭ 37 മണിക്കൂർ മാത്രമാണു പ്രവർത്തിച്ചത്. 419 ചോദ്യങ്ങൾ അജൻഡയിലുണ്ടായിരുന്നെങ്കിലും 55 ചോദ്യങ്ങൾക്കു മാത്രമാണ് വാക്കാലുള്ള മറുപടി നൽകിയത്. രാജ്യസഭയാകട്ടെ 41 മണിക്കൂറിനടുത്തു മാത്രം പ്രവർത്തിച്ചു. 285 ചോദ്യങ്ങൾ ചോദിക്കാൻ അംഗങ്ങൾക്ക് അവസരമുണ്ടായിരുന്നെങ്കിലും 14 ചോദ്യങ്ങൾ മാത്രമേ ഉന്നയിക്കാൻ കഴിഞ്ഞുള്ളൂ.