പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം സ്ഥിരീകരിച്ച് അജിത് ഡോവൽ
Wednesday, August 20, 2025 2:24 AM IST
ന്യൂഡൽഹി: ചൈനയിലെ ടിയാൻജിൻ നഗരത്തിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.
2020ലെ ഗാൽവാൻ താഴ് വരയിലെ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിലെത്തുന്നത്. ഈ മാസം 31 മുതൽ സെപ്റ്റംബർ ഒന്നുവരെയാണ് ഷാങ്ഹായ് ഉച്ചകോടി.
അതിർത്തിപ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ ന്യൂഡൽഹിയിൽ ചർച്ച നടത്തുന്നതിനിടെയാണ് മോദിയുടെ ചൈനാ സന്ദർശനത്തിൽ ആദ്യമായി ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.
ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ പരസ്പരം ഏറ്റുമുട്ടിയതിനു പിന്നാലെ മോശമായ നയതന്ത്രബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകൾ നൽകിയാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ന്യൂഡൽഹിയിലെത്തിയത്.