ജബൽപുർ സ്വർണക്കവർച്ച: പിന്നിൽ ജാർഖണ്ഡ് സംഘം
Monday, August 18, 2025 2:32 AM IST
ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽനിന്ന് സ്വർണാഭരണങ്ങൾ ഉൾപ്പെടെ 14 കോടി രൂപയുടെ വസ്തുക്കൾ കൊള്ളയടിച്ച കേസിൽ നാലുപേർ പിടിയിൽ. ജാർഖണ്ഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നും അറസ്റ്റിലായ നാലുപേരാണ് കൊള്ളക്കാരെ സഹായിച്ചതെന്നും ജബൽപുർ അഡീഷണൽ എസ്പി സൂര്യകാന്ത് ശർമ പറഞ്ഞു.
ഛത്തീസ്ഗഡിലെ റായ്ഗഡ് ജയിലിൽവച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. പിടിയിലായവരിൽ ഒരാൾ കവർച്ചാ സംഘത്തെ ജയിലിൽ സന്ദർശിച്ചിരുന്നു. രണ്ട് മോട്ടോർസൈക്കിളുകളും നാല് മൊബൈൽ ഫോണുകളും ഒരു തോക്കും 1.83 ലക്ഷം രൂപയും അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തുവെന്നും എഎസ്പി അറിയിച്ചു.
കഴിഞ്ഞ 11 നാണ് ഹെൽമറ്റ് ധരിച്ച മൂന്നുപേർ ബാങ്കിൽനിന്ന് 15 കിലോ സ്വർണവും അഞ്ചുലക്ഷം രൂപയും കൊള്ളയടിച്ചത്. മോട്ടോർ സൈക്കിളിൽ രണ്ടുപേരെ പുറത്തുനിർത്തിയശേഷം മൂന്നംഗസംഘം അകത്തുകടക്കുകയായിരുന്നു. ബാങ്കിലുണ്ടായിരുന്ന നാലു ജീവനക്കാരെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി 20 സെക്കൻഡിനുള്ളിൽ പണവും സ്വർണവുമായി കൊള്ളക്കാർ കടന്നുകളഞ്ഞു.