കന്യാസ്ത്രീമാർ രാജീവ് ചന്ദ്രശേഖറെ സന്ദർശിച്ചു
Sunday, August 17, 2025 1:49 AM IST
ന്യൂഡൽഹി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.
സിസ്റ്റർ വന്ദന ഫ്രാൻസിസും സിസ്റ്റർ പ്രീതി മേരിയും രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലെ വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. കന്യാസ്ത്രീകളുടെ കേസിന്റെ തുടർനടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന.
നന്ദി പറയാനാണ് കന്യാസ്ത്രീകൾ എത്തിയതെന്നും കേസിന്റെ മുന്നോട്ടുപോക്കിൽ അവർക്ക് പൂർണപിന്തുണ നൽകിയിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജുവും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വിഷയത്തിൽ ബിജെപി ഒപ്പമുണ്ടെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേസിന്റെ തുടർ നടപടികളിലും ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അനൂപ് ആന്റണി പ്രതികരിച്ചു.