പുടിൻ-ട്രംപ് കൂടിക്കാഴ്ച സ്വാഗതം ചെയ്ത് ഇന്ത്യ
Sunday, August 17, 2025 1:49 AM IST
ന്യൂഡൽഹി: യുക്രെയ്ൻ സംഘർഷത്തിന് എത്രയും വേഗത്തിലുള്ള പരിഹാരമാണു ലോകം തേടുന്നതെന്ന് ഇന്ത്യ.
അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രാലയം. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും മാത്രമേ മുന്നോട്ടു പോകാനാവൂ എന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മൂന്നുമണിക്കൂറോളം നീണ്ട ട്രംപ്-പുടിൻ ചർച്ചയിൽ വെടിനിർത്തൽ കരാർ ഉൾപ്പെടെ നിർണായക തീരുമാനങ്ങളൊന്നും ഉണ്ടായില്ല. യുക്രെയ്ൻ പ്രശ്നത്തിൽ വലിയ പുരോഗതിയുണ്ടെന്നു മാത്രമായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
അതിനിടെ, റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ ഈടാക്കില്ലെന്നു ട്രംപ് സൂചന നൽകിയതായി റിപ്പോർട്ടുകളുണ്ട്. എണ്ണ ഉപഭോക്താവായ ഇന്ത്യയെ റഷ്യക്ക് നഷ്ടപ്പെട്ടെന്നും അതിനാൽ തീരുവ ചുമത്തേണ്ടതില്ലെന്നും ട്രംപ് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. എന്നാൽ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.