15 പേർക്ക് വീർചക്ര, നാലു പേർക്ക് കീർത്തിചക്ര
Friday, August 15, 2025 1:20 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലെ സ്തുത്യർഹ സേവനത്തിന് വ്യോമസേനയിലെ ഒന്‍പതും കരസേനയിലെ നാലും ഉദ്യോഗസ്ഥർക്ക് വീർ ചക്ര അവാർഡ്. യുദ്ധസമയത്ത് ധീരതയ്ക്കു നല്കുന്ന മൂന്നാമത്തെ ഉയർന്ന അവാർഡാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ടു പേർക്കും വീർചക്ര ലഭിച്ചു.
ഗ്രൂപ്പ് ക്യാപ്റ്റൻ രണ്‍ജീത് സിംഗ് സിദ്ധു, ഗ്രൂപ്പ് ക്യാപ്റ്റൻ മനീഷ് അറോറ, ഗ്രൂപ്പ് ക്യാപ്റ്റൻ അനിമേഷ് പട്നി, ഗ്രൂപ്പ് ക്യാപ്റ്റൻ കുനാൽ കൽറ, വിംഗ് കമാൻഡർ ജോയ് ചന്ദ്ര, സ്ക്വാഡ്രണ്‍ ലീഡർ സാർതക് കുമാർ, സ്ക്വാഡ്രണ്‍ ലീഡർ സിദ്ധാന്ത് സിംഗ്, സ്ക്വാഡ്രണ്‍ ലീഡർ റിസ് വാൻ മാലിക്, ഫ്ളൈറ്റ് ലഫ്. അർഷ് വീർ സിംഗ് ഠാക്കൂർ എന്നിവരാണ് വീർ ചക്ര ലഭിച്ച വ്യോമസേനാ ഉദ്യോഗസ്ഥർ.
കേണൽ കൊശാങ്ക് ലംബ, ലഫ്. കേണൽ സുശീൽ ബിഷ്ത്, നായിബ് സുബേദാർ സതീഷ്കുമാർ, റൈഫിൾമാൻ സുനിൽകുമാർ എന്നിവരാണ് കരസേനയിൽനിന്നു വീർചക്ര ലഭിച്ചവർ.
ഏഴ് ഉന്നത സൈനികോദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ ലഭിച്ചു. നോർത്തേണ്‍ ആർമി കമാൻഡർ ലഫ്. ജനറൽ പ്രതീക് ശർമ, ലഫ്. ജനറൽ രാജീവ് ഘായി (മുൻ ഡിജിഎംഒ), വൈസ് അഡ്മിറൽ സഞ്ജയ് സഞ്ജയ് ജസ്ജിത് സിംഗ് (വെസ്റ്റേണ്‍ നേവൽ കമാൻഡ് മുൻ ഫ്ളാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്), എയർ മാർഷൽ നർമദേശ്വർ തിവാരി (വൈസ് ചീഫ് ഇന്ത്യൻ എയർഫോഴ്സ്), എയർ മാർഷൽ നാഗേഷ് കപുർ (എയർ ഓഫീസർ കമാൻഡിഗ് ഇൻ-ചീഫ്, സൗത്ത് വെസ്റ്റേണ്‍ എയർ കമാൻഡ്), എയർ മാർഷൽ ജീതേന്ദ്ര മിശ്ര (എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, വെസ്റ്റേണ്‍ എയർ കമാൻഡ്), എയർ മാർഷൽ എ.കെ. ഭാരതി (ഡിജി എയർ(ഒപിഎസ്) എന്നിവരാണ് സർവോത്തം യുദ്ധസേവാ മെഡൽ ലഭിച്ചവർ.
നാലു കരസേനാംഗങ്ങൾ കീർത്തിചക്ര അവാർഡ് നേടി. ക്യാപ്റ്റൻ ലാൽറിനാവ്മ സെയ്ലോ, ലഫ്. ശശാങ്ക് തിവാരി, ലാൻസ് നായിക് മീനാക്ഷി സുന്ദരം, സിപ്പോയി ജൻജൽ പ്രവീണ്‍ പ്രഭാകർ എന്നിവരാണ് കീർത്തിചക്ര ലഭിച്ചവർ. ഭീകരവിരുദ്ധ സൈനികനടപടിക്കാണ് ഇവർ അവാർഡ് നേടിയത്.
കരസേനയിൽനിന്ന് എട്ടു പേരും നാവികസേനയിൽനിന്ന് രണ്ടു പേരും വ്യോമസേനയിൽനിന്ന് ഒരാളും ഉൾപ്പെടെ 16 പേർ ശൗര്യചക്ര അവാർഡ് നേടി.