വിസി നിയമനം: സെർച്ച് കമ്മിറ്റി പട്ടിക തയാറായി
Friday, August 15, 2025 1:24 AM IST
ന്യൂഡൽഹി: കേരള സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിന് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട അംഗങ്ങളുടെ പട്ടിക തിങ്കളാഴ്ച നൽകാൻ സുപ്രീംകോടതി നിർദേശം. സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട പേരുകളുടെ പട്ടിക ചാൻസലറായ ഗവർണർ തയാറാക്കിയിട്ടുണ്ട്.
എന്നാൽ, കമ്മിറ്റിയുടെ ഭാഗമാകാൻ അവരുടെ സമ്മതം വേണ്ട സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇതോടെയാണു സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട അംഗങ്ങളുടെ പട്ടിക തിങ്കളാഴ്ച നൽകാൻ കോടതി നിർദേശിച്ചത്.
സംസ്ഥാന സർക്കാരും പട്ടിക തയാറാക്കിയതായി സ്റ്റാൻഡിംഗ് കോണ്‍സൽ സി.കെ. ശശി കോടതിയെ അറിയിച്ചു. സംസ്ഥാനസർക്കാർ തയാറാക്കിയ പേരുകൾ അറ്റോർണി ജനറലിനു കൈമാറാൻ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ഇരുകൂട്ടരും തയാറാക്കിയ പട്ടികയിൽ ഒരേ പേരുകൾ ഉണ്ടെങ്കിൽ അവരെ സെർച്ച് കമ്മിറ്റിയിൽ നിയമിക്കുമെന്ന് കേസ് പരിഗണിക്കവെ കോടതി ഇന്നലെ സൂചിപ്പിച്ചു. കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പട്ടിക തയാറായെങ്കിലും പ്രസിദ്ധപ്പെടുത്തിയില്ല. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.