പയ്യാന്പലത്ത് തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
1581606
Wednesday, August 6, 2025 1:12 AM IST
കണ്ണൂർ: പയ്യാന്പലം പുലിമുട്ടിനോട് ചേർന്ന പാറക്കെട്ട് ഭാഗത്ത് മീൻപിടിത്ത ഫൈബർ തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികളെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. നീർക്കടവ് സ്വദേശികളായ രോഷൻബാബു, രാഹുൽ രാജ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു അപകടം. പുലിമുട്ട് ഭാഗത്ത് മത്സ്യലഭ്യതയുണ്ടെന്ന് മനസിലാക്കി ഇവിടേക്ക് തുഴയുന്നതിനിടെ ശക്തമായ തിരയിൽ തോണി പാറക്കെട്ടുകളുള്ള ഭാഗത്തേക്ക് നിയന്ത്രണം വിട്ട് ഒഴുകി മറിയുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റു തോണിക്കാർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചച്ചെങ്കിലും ശക്തമായ തിര കാരണം പാറക്കെട്ടുകൾക്കിടയിലേക്ക് പോകാനായില്ല . കോസ്റ്റൽ പോലീസ് എസ്ഐ വേണുഗോപാൽ, എഎസ്ഐ ഷിജിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി ഏഴരയോടെയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. അതുവരെ ഇവർ നീന്തിയും പാറക്കെട്ടിൽ പിടിച്ചും നിൽക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ഇരുവർക്കും പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.