കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സമുദായ പ്രവർത്തനം നടത്തണം: ബിഷപ് ഡോ. വടക്കുംതല
1593605
Monday, September 22, 2025 12:44 AM IST
കണ്ണൂർ: കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സമുദായ പ്രവർത്തനം നടത്തണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19-ന് കണ്ണൂരിൽ നടക്കുന്ന സമുദായ സമ്പർക്ക പരിപാടിയുടെ മുന്നൊരുക്ക യോഗം ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക ഇടപെടലുകളാണ് കെഎൽസിഎയുടെ നേതൃത്വത്തിൽ ലത്തീൻ സമുദായം നടത്തേണ്ടത്. പ്രയോഗികമല്ലാത്ത പഴയ പ്രവർത്തന രീതികൾ ഉപേക്ഷിച്ച് പുതിയ പ്രവർത്തന രീതി ആവിഷ്ക്കരിച്ച് മുന്നേറണമെന്ന് ബിഷപ് പറഞ്ഞു.
സമുദായ സമ്പർക്ക പരിപാടികൾക്കുള്ള വിവിധ കമ്മിറ്റികൾക്ക് യോഗത്തിൽ രൂപം നൽകി. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ട ആവശ്യത്തെക്കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി വിശദീകരിച്ചു. കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ, മുൻ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, സംസ്ഥാന മുൻ പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, ഫ്രാൻസിസ് അലക്സ്, റിനേഷ് ആന്റണി, കെ.എച്ച്. ജോൺ, ആന്റണി ലൂയിസ് തലശേരി, ലെസ്ലി ഫെർണാണ്ടസ്, വിക്ടർ ജോർജ്, സ്റ്റെഫാൻ ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.