കണ്ണൂർ ദസറയ്ക്ക് ഉജ്വല തുടക്കം
1594430
Wednesday, September 24, 2025 8:16 AM IST
കണ്ണൂർ: നഗരത്തിൽ അലങ്കാര ദീപങ്ങളുടെയും കലയുടെയും ഒമ്പത് രാവുകളുമായി രണ്ടാം ദസറയെന്ന് അറിയപ്പെടുന്ന കണ്ണൂർ ദസറയ്ക്ക് തുടക്കമായി. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഒത്തു ചേർന്ന ജന സഞ്ചയത്തെ സാക്ഷി നിർത്തി മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
കണ്ണൂർ ദസറ നടത്തിപ്പ് മുഖേന മേയറുടെ ദുരിതാശ്വാസ നിധിയിലൂടെ നൂറു കണക്കിന് പാവപ്പെട്ട വർക്ക് സമാശ്വാസം നല്കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു . ഡെപ്യൂട്ടി മേയർ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം ഉണ്ണിരാജ ചെറുവത്തൂർ, ജില്ല കളക്ടർ അരുൺ കെ വിജയൻ, എസ്ബിഐ ജനറൽ മാനേജർ അനൂപ് പ്രസന്നൻ , കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ വി.കെ. ശ്രീകാന്ത്, കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കലാഭവൻ ദിൽനരാജിന്റെ സംഗീതാർച്ചന, അഴീക്കോട് ഗണേഷ് കളരി പരിശീലന കേന്ദ്രത്തിന്റെ കളരിപ്പയറ്റ് , ഡോ. വിദ്യാലക്ഷ്മി കലാക്ഷേത്രത്തിന്റെ ഭരതനാട്യവും അരങ്ങേറി. തുടർന്ന് ആൽമരം മ്യൂസിക് ബാൻഡിന്റെ മ്യൂസിക്കൽ ഷോയും ഉണ്ടായിരുന്നു. രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
മാധ്യമ പ്രവർത്തക മാതു സജി വിശിഷ്ടാതിഥിയാകും. തുടർന്ന് സന്ധ്യ നമ്പ്യാർ ആൻഡ് ടീമിന്റെ ക്ലാസിക്കൽ ആൻഡ് സെമി ക്ലാസിക്കൽ ഫ്യൂഷൻ , സ്പേസ് കണ്ണൂരിന്റെ തിരുവാതിര ,ധ്വനി രാജ് ആൻഡ് ദ്യുതിരാജ് അവതരിപ്പിക്കുന്ന ഭരതനാട്യം , പെരിങ്ങളായി നടനം ഗ്രൂപ്പിന്റെ മോഹിനിയാട്ടം , ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം എന്നിവയും നടക്കും.