സംഘാടക സമിതി രൂപീകരിച്ചു
1594416
Wednesday, September 24, 2025 8:16 AM IST
ചെമ്പന്തൊട്ടി: "നീതി ഔദാര്യമല്ല, അവകാശമാണ് ' എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ ജാഥക്ക് ചെമ്പേരിയിൽ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാൻ ചെമ്പന്തൊട്ടി ഫൊറോനയിൽ സംഘാടക സമിതി രൂപീകരിച്ചു.
സമിതി രൂപീകരണത്തിനായി ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി ഫൊറോന എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ഫൊറോന ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.
അതിരൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ യൂത്ത് കോ-ഓഡിനേറ്റർ പാട്രിക് കുരുവിള, സെക്രട്ടറിമാരായ ജോർജ് ജോസഫ്, ഡേവിസ് ആലങ്ങാട്ട്, ഫൊറോന വൈസ് പ്രസിഡന്റ് മേരി കുഴിക്കാട്ടിൽ, സെക്രട്ടറി ഷാജിമോൻ കളപ്പുരയ്ക്കൽ, ട്രഷറർ ആന്റണി ജീരകത്തിൽ, യൂണിറ്റ് പ്രസിഡന്റ് കെ.എസ്. സണ്ണി എന്നിവർ പ്രസംഗിച്ചു. ജാഥ ചെമ്പേരിയിൽ എത്തുമ്പോൾ ചെമ്പന്തൊട്ടി ഫൊറോനയിലെ അഞ്ഞൂറിൽപരം കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണം നൽകാൻ യോഗത്തിൽ തീരുമാനമായി. ചെമ്പന്തൊട്ടി ഫൊറോനയിലെ 12 യൂണിറ്റ് പ്രസിഡന്റുമാരും ജാഥാംഗങ്ങൾക്ക് ഹാരാർപ്പണം നടത്തും.
ഒക്ടോബർ 13ന് പനത്തടിയിൽ നിന്ന് ജാഥ ആരംഭിക്കുമ്പോഴും പേരാവൂരിൽ നടക്കുന്ന തലശേരി അതിരൂപത സമാപനച്ചടങ്ങിലും ഒക്ടോബർ 24ന് തിരുവനന്തപുരത്തെ സമാപന സമ്മേളനത്തിലും ചെമ്പന്തൊട്ടി ഫൊറോനയുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.