കേരളപ്പിറവി ദിനത്തിൽ കണ്ണൂരിനെ സമ്പൂർണ ലൈബ്രറി ജില്ലയായി പ്രഖ്യാപിക്കും
1594728
Friday, September 26, 2025 1:06 AM IST
കണ്ണൂർ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ജില്ലയെ സമ്പൂർണ ലൈബ്രറി ജില്ലയായി പ്രഖ്യാപിക്കുമെന്ന് പീപ്പിൾസ് മിഷൻ കൺവീനർ ടി.കെ. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായുള്ള സംഘാടക സമിതി യോഗം നാളെ വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും.
ഒക്ടോബർ 1,2 തിയതികളിൽ വായനശാല വ്യാപന പ്രവർത്തനങ്ങളുടെ പ്രചരണാർഥം പ്രശസ്ത പത്രപ്രവർത്തകൻ പി. സായ്നാഥ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും. ഒന്നിന് വൈകുന്നേരം അഞ്ചിന് മയ്യിലിൽ മയ്യിലിൽ " ബഹുജന സാംസ്കാരിക പ്രവർത്തനവും ജനകീയ മാധ്യമ സാധ്യതകളും' എന്ന വിഷയത്താൽ പ്രഭാഷണം നടത്തും. രണ്ടിന് രാവിലെ 9. 30 ന് പേരാവൂർ ടൗണിൽ പേരാവൂർ പഞ്ചായത്തിന്റെ സമ്പൂർണ പ്രഖ്യാപനവും തുടർന്ന് പാട്യം, കീഴല്ലൂർ, അഴീക്കോട് പഞ്ചായത്തുകളുടെ സമ്പൂർണ പ്രഖ്യാപന സായ്നാഥ് നിർവഹിക്കും.
ജില്ലയിലെ 81 പഞ്ചായത്തുകളിലും സമ്പൂർണ ലൈബ്രറിയായി നവംബർ ഒന്നിന് പ്രഖ്യാപിക്കും. ഡോ.വി. ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജില്ലാലൈബ്രറി കൗൺസിലിന്റേയും സജീവ പങ്കാളിത്തത്തോടെ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും കണ്ണി ചേർത്ത് കൊണ്ടാണ് ഈ മഹാ സംരംഭം മുന്നോട്ട് പോകുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ കണ്ണൂർ താലൂക്ക് സെക്രട്ടറി കെ.ടി. ശശി എന്നിവരും പങ്കെടുത്തു.