മാട്ടൂലിൽ മൂന്നു വയസുകാരന് കുറുനരിയുടെ കടിയേറ്റു
1594498
Thursday, September 25, 2025 1:04 AM IST
പഴയങ്ങാടി: മാട്ടൂൽ സൗത്ത് മൊയ്തീൻ പള്ളിക്കു സമീപം മൂന്നു വയസുകാരന് കുറുനരിയുടെ കടിയേറ്റു. ടി.ടി.വി. സുഹൈലിന്റെ മകൻ ഇവാൻ സഹറിനാണ് കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുറുനരി ഓടിക്കുകയും കുട്ടികൾ ഓടി വീട്ടിൽ കയറുകയും ചെയ്തു. ഇതിനിടെ വീടിന്റെ ഉമ്മറത്തിരുന്ന് കളിക്കുകയായിരുന്ന ഇവാൻ സഹറിന്റെ കാലിൽ കുറുനരി കടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടിലെ മുതിർന്നവരാണ് കുറുനരിയെ അടിച്ചോടിച്ചത്.
കടിയേറ്റ കുട്ടിയെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കുറുനരി വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു.