ഹയർ സെക്കൻഡറി തുല്യതാ വിജയോത്സവവും ബിരുദപഠന സെമിനാറും നടത്തി
1594427
Wednesday, September 24, 2025 8:16 AM IST
കണ്ണൂർ: ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിച്ച ഹയർ സെക്കൻഡറി തുല്യതാ വിജയോത്സവവും ബിരുദപഠന സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ജി വി എച്ച് എസ് എസ് കണ്ണൂർ പഠന കേന്ദ്രത്തിലെ രഹന കക്കറയിൽ, ഏറ്റവും പ്രായം കൂടിയ പഠിതാവ് പി ഓമന, മികച്ച വിജയം നേടിയ എട്ട് ജനപ്രതിനിധികൾ എന്നിവരെ അനുമോദിച്ചു.
രണ്ട് സി ഡി എസ് ചെയർപേഴ്സൺമാർ, സഹോദരങ്ങൾ, ദമ്പതിമാർ ഉൾപ്പെടെ മികച്ച വിജയം നേടിയ 34 പഠിതാക്കളെയാണ് ആദരിച്ചത്. നൂറ് ശതമാനം വിജയം കൈവരിച്ച മട്ടന്നൂർ പഠന കേന്ദ്രത്തേയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രഫ. എ.ജി ഒലീന മുഖ്യാതിഥിയായിരുന്നു.
സാക്ഷരതാ പഠിതാക്കളുടെ തുടർപഠനത്തിന് സംസ്ഥാന സാക്ഷരതാ മിഷൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി ചേർന്ന് ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി ജഗതിരാജ് ബിരുദ പഠന സെമിനാർ ഉദ്ഘാടനവും വിഷയാവതരണവും നടത്തി. ബിരുദ പഠനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുഖേന സാമ്പത്തിക സഹായവും ലഭ്യമാക്കും.
ശ്രീനാരായണഗുരു ഓപ്പൺ സർവകലശാല പ്രാദേശിക കേന്ദ്രം ഡയറക്ടർ സി.വി അബ്ദുൾ ഗഫൂർ പദ്ധതി വിശദീകരണം നടത്തി.മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ എൻ. ഷാജിത്ത് , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം എൻ.വി. ശ്രീജിനി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. വിനോദ്കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ, അസി. കോ- ഓർഡിനേറ്റർ ടി.വി ശ്രീജൻ എന്നിവർ പങ്കെടുത്തു.