സ്ഫോടനം നടത്തുമെന്ന് ഭീഷണി
1594429
Wednesday, September 24, 2025 8:16 AM IST
കണ്ണൂർ: കണ്ണൂർ കന്റോൺമെന്റ് പരിധിയിൽ പ്രവർത്തിച്ചു വരുന്ന പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സിവിലിയൻ ഓഫീസായ ഡിഎസ്സി റെക്കോർഡ്സ് വിഭാഗം ആർഡിഎക്സ് ഉപയോഗിച്ച് തകർക്കുമെന്ന് ഇ-മെയിൽ സന്ദേശ ഭീഷണി. ഇന്നലെ രാവിലെ ഡിഎസ്സി റെക്കോർഡ്സിൽ ശന്പളമുൾപ്പടെ കൈകാര്യം ചെയ്യുന്ന പേ അക്കൗണ്ട്സ് ഓഫീസിലെ കംപ്യൂട്ടറിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇംഗ്ലീഷും തമിഴും കലർത്തിയ ഭാഷയിലുള്ള സന്ദേശമാണ് ലഭിച്ചത്.
ഓഫീസ് പരിസരത്ത് സ്ഫോടനം നടത്തുന്നതിന് ആർഡിഎക്സ് വച്ചിട്ടുണ്ടെന്നും എട്ടു മണിക്കൂറിനുള്ളിൽ സ്ഫോടനം നടക്കുമെന്നുമായിരുന്നു സന്ദേശം. ഇന്നലെ രാവിലെ ഒന്പതോടെ ഓഫീസിലെത്തിയ ജീവനക്കാരൻ മെയിൽ പരിശോധിച്ചപ്പോഴാണ് ഭീഷണി സന്ദേശം കാണുന്നത്.
ഉടൻ തന്നെ റെക്കോർഡ്സ് സെന്റർ മേധാവി കെ. പുരുഷോത്തമനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം മേലുദ്യോഗസ്ഥരെയും കണ്ണൂർ കന്റോൺമെന്റ് മേധാവി കേണൽ പരംവീർ നഗ്ര, സിറ്റി പോലീസ് എന്നിവരെയും വിവരമറിയിച്ചു.
കേണൽ പരംവീർ നഗ്രയുടെ നേതൃത്വത്തിലെത്തിയ പട്ടാളസംഘം ഓഫീസിന്റെയും പരിസരപ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത് ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടെ കണ്ണൂരിൽ നിന്നുള്ള പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും മറ്റു സുരക്ഷാ സംവിധങ്ങളെയും പ്രദേശത്ത് വിന്യസിച്ചു. ഓഫീസ് പരിസരത്തു കൂടിയുള്ള സഞ്ചാരമുൾപ്പെടെയുള്ളവയ്ക്ക് സൈന്യം നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
പരിശോധനയക്ക് ശേഷം ഉച്ചയോടെയാണ് ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിൽനിന്നും മാറ്റിയത്. ഓഫീസ് പരിസരത്തെ പരിശോനധയ്ക്ക് ശേഷം സമീപ പ്രദേശങ്ങളിലും സൈന്യവും പോലീസും സംയു ക്തമായി തെരച്ചിൽ നടത്തി. നിലവിൽ ഒന്നും കണ്ടെ ത്തിയി ല്ലെങ്കിലും പ്രദേശം സൈന്യ ത്തിന്റെ സൂക്ഷ്മനിരീക്ഷണ ത്തിലാണ്.
പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെങ്കിലും ഇ-മെയിൽ സന്ദേശ ഭീഷണിയെ അതീവ ഗൗരവത്തിലെടുത്ത് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശം അയച്ച ഇ-മെയിൽ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി വരികയാണ്. പോലീസും ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്.