ആരുടെയെങ്കിലും താത്പര്യങ്ങൾ നിർവഹിക്കാനുള്ള ആയുധമാക്കരുത് പേന: മുഖ്യമന്ത്രി
1594422
Wednesday, September 24, 2025 8:16 AM IST
കണ്ണൂർ: ആരുടെയെങ്കിലും താത്പര്യങ്ങൾ നിർവഹിക്കാനുള്ള ആയുധമാക്കരുത് കൈയിലുള്ള പേനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം കണ്ണൂർ ചേംബർ ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ പാഠം ജീവിതത്തിൽ ഉയർത്തിപ്പിടിച്ചവരാണ് മുതിർന്ന മാധ്യമ പ്രവർത്തകർ.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ ബോധമുണ്ട്. ആ ബോധ്യം സീനിയർ പത്രപ്രവർത്തകരോടുള്ള സമീപനത്തിൽ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ നിരവധി ആവശ്യങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. പെൻഷൻ കാര്യങ്ങൾ മുതൽ ആരോഗ്യപദ്ധതിവരെ അതിലുണ്ട്. സംസ്ഥാനത്തിന്റെ വിഭവ പരിമിതികളിൽനിന്നുകൊണ്ട് അവയൊക്കെ എങ്ങനെ എത്രത്തോളം പരിഗണിക്കാൻ കഴിയുമെന്ന കാര്യം തീർച്ചയായും പരിശോധിക്കും. പെൻഷൻ വർധിപ്പിക്കണമെന്നും പെൻഷൻ ഘടനയിലും കോൺട്രിബ്യൂഷനിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടാക്കണമെന്നും ചികിത്സാ സഹായം ലഭ്യമാക്കണമെന്നുമുള്ള ആവശ്യങ്ങൾ അനുഭാവ പൂർവം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എസ്.ആർ ശക്തിധരൻ അധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടിയ ഡോ. ഗ്രീഷ്മ ഗൗതമിനെ സംസ്ഥാന പ്രസിഡന്റ് ഉപഹാരം നല്കി ആദരിച്ചു. ഇ.എം. രഞ്ജിത്ത് ബാബുവിന്റെ വാർത്താ പരിക്രമണം, പി.എ. അലക്സാണ്ടറുടെ വാർത്തയുടെ ഹൃദയരാഗങ്ങൾ, പി.ഐ. ശങ്കസരനാരായണന്റെ അക്ഷരപ്പാട്ടുകൾ അക്കപ്പാട്ടുകൾ, കെ.പി. സദാനന്ദന്റെ സപ്ത വർണങ്ങൾ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.
കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, കെ.വി, സുമേഷ് എംഎൽഎ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ഗായകൻ വി.ടി. മുരളി, സി. അബ്ദുൾ കരീം, പി.പി. ദിവാകരൻ, എം.പി. മുരളി, കെ. ജനാർദനൻ നായർ, ഡോ. ടി.പി. നാരായണൻ, എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.