ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ മൂന്നു പരാതികൾ തീർപ്പാക്കി
1594734
Friday, September 26, 2025 1:06 AM IST
കണ്ണൂർ: ന്യൂനപക്ഷ കമ്മീഷൻ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിംഗിൽ പരിഗണിച്ച അഞ്ചു പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കി. രണ്ടെണ്ണം അടുത്ത സിറ്റിംഗിൽ പരിഗണിക്കും. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപന നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ നിർദേശിച്ചു. ധർമടത്തെ സ്വകാര്യ എയ്ഡഡ് സ്കൂളിൽ അംഗീകാരം ഇല്ലാതെ മാനേജർ ലക്ഷങ്ങൾ കൈപ്പറ്റി അധ്യാപികയെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ജോലി നഷ്ടപ്പെട്ട അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടത്.
തലശേരി ചൊക്ലിയിൽ ന്യൂനപക്ഷ കോച്ചിംഗ് സെന്ററിനായി അനുവദിച്ച വാടക കെട്ടിടത്തിന് ഒരു മാസത്തിനുള്ളിൽ ചതുരശ്ര അടി വില നിശ്ചയിച്ച് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി നൽകാമെന്ന് തലശേരി തഹസിൽദാറുടെ പ്രതിനിധി രേഖ നൽകിയതിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കിയതായി കമ്മീഷൻ അറിയിച്ചു. റവന്യൂ അധികൃതർ കഴിഞ്ഞ നാല് വർഷത്തിലധികമായി സ്ക്വയർ ഫീറ്റ് വില നിശ്ചയിച്ച് നൽകാത്തതിനാൽ വാടക ലഭിക്കാത്ത സാഹചര്യമുണ്ടെന്ന പരാതിയിലാണ് തീരുമാനം.
പേരാവൂർ മണത്തണ താലൂക്ക് ആശുപത്രി പുനർ നിർമാണത്തെ തുടർന്ന് വയോധികയുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട പരാതിയിൽ ജില്ലാ കളക്ടറും ആശുപത്രി സൂപ്രണ്ടും ചേർന്ന് വയോധികക്ക് സഞ്ചാര യോഗ്യമായ വഴി ഒരുക്കി നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.