ആറളം ഫാമില്‍ ‘ഒരു വീട്ടില്‍ ഒരു സംരംഭം’ പദ്ധതിക്ക് തുടക്കം
1594729
Friday, September 26, 2025 1:06 AM IST
കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റേയും ആറളം കുടുംബശ്രീ പട്ടികവര്‍ഗ പ്രത്യേക പദ്ധതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആറളം ഫാമില്‍ ആരംഭിച്ച ഒരു വീട്ടില്‍ ഒരു സംരംഭം പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്തു. ഉപജീവന പദ്ധതികളുടെ വിതരണവും ഇതോടൊപ്പം നടന്നു. ഉപജീവന പദ്ധതികള്‍ക്കായി 25 ലക്ഷം രൂപ ചെലവില്‍ നാല് കിയോസ്ക്കുകള്‍, ഒന്‍പത് സംരംഭകര്‍ക്ക് തയ്യില്‍ മെഷീന്, 26 സംരംഭകര്‍ക്ക് നാല് വീതം ആടുകള്‍, 30 സംരംഭകര്‍ക്ക് പോത്ത് കുട്ടി, 20 സംരംഭകര്‍ക്ക് കോഴിയും കൂടും എന്നിവയാണ് നല്‍കിയത്.
ആറളം ഫാമിലെ ആറ് ബ്ലോക്കുകളിലെയും മുഴുവന്‍ വീടുകളിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സംരംഭം എന്ന രീതിയില്‍ ആരംഭിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി മുഴുവന്‍ ബ്ലോക്കുകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്ക് പരിശീലനവും ക്ലാസുകളും നല്‍കും. ആറളം ഫാമില്‍ കുടുംബശ്രീയുടേതായി 55 സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരള എക്സൈസ് വിമുക്തി മിഷനുമായി ചേര്‍ന്ന് ആറളം മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പിഎസ് സി പരിശീലനവും നല്‍കുന്നുണ്ട്. വളയഞ്ചാലില്‍ നടന്ന പരിപാടിയില്‍ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, എം.വി. ജയന്, പി. സനൂപ്, കെ. വിജിത്, മിനി ദിനേശന് , സുമ ദിനേശന്, സി. ഷൈജു, നിതീഷ് കുമാര്‍, രമ്യ രാഘവന്, സിന്ധു ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.