ചെരിക്കോട് മുണ്ടയാട്ട് കുളം നവീകരണം അടുത്തമാസം ആരംഭിക്കും
1594501
Thursday, September 25, 2025 1:04 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭാ പരിധിയിലെ 200 വർഷത്തിലേറെ പഴക്കമുള്ളതും നിരവധി ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതുമായ ചെരിക്കോട് മുണ്ടയാട്ട് കുളം നവീകരിക്കുന്നു.
ഒരു കോടിയോളം രൂപ ചെലവിലുള്ള നവീകരണ പ്രവൃത്തികൾ അടുത്തമാസം ആരംഭിക്കും. പ്രവൃത്തികൾ പൂർത്തിയാക്കി അടുത്ത മേയിൽ തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദേശവാസികളുടെ ആവശ്യപ്രകാരം വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ത്രേസ്യാമ്മ മാത്യുവാണ് നാശോൻമുഖമായ കുളത്തിന്റെ നവീകരണ പദ്ധതി ബന്ധപ്പെട്ടവരുടെ മുന്നിൽ അവതരിപ്പിച്ചത്.
വർഷങ്ങൾ പഴക്കമുള്ള കുളം നിലവിൽ മണ്ണ് നിറഞ്ഞും കാടുകയറിയും നികന്ന നിലയിലാണ്. ഇതിനടിയിൽ കെട്ടി നിർമിച്ച കുളമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ആദ്യ നടപടിയെന്ന നിലയിൽ നിരന്തര ഇടപെടലിലൂടെ കുളം ഉൾപ്പടുന്ന 53 സെന്റ് സ്ഥലം നഗരസഭയുടേതാക്കി മാറ്റുകയായിരുന്നു. മുണ്ടയാട്ട് കുളം പഴയ തിരിച്ചു പിടിച്ചാൽ നഗരസഭയിലെ ചെരിക്കോട് വയലിലെ കാർഷികാവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനും ഉപയോഗപ്പെടുത്താനാകും. നീന്തൽ പരിശീലനവും നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്രകാരമുള്ള 80 ലക്ഷവും നഗരസഭയുടെ പത്തു ലക്ഷവും ഇതിനകം അനുവദിച്ചിട്ടുണ്ട്.