രാജഗിരിയിൽ കാട്ടാന കൃഷികൾ നശിപ്പിച്ചു
1593890
Tuesday, September 23, 2025 1:26 AM IST
ചെറുപുഴ: രാജഗിരിയിൽ കാട്ടാന കൃഷി നശിപ്പിച്ചു. കാട്ടാനക്കൂട്ടം കാര്യങ്കോട് പുഴ കടന്നുവന്ന് ഞായറാഴ്ച രാത്രിയിൽ രാജഗിരിയിലെ പഴൂർ ടിബി, അരീക്കാട്ട് ഷാജൻ, അരീക്കാട്ട് ഷൈബി, എന്നിവരുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്. ഷൈബിയുടെ തെങ്ങുകൾ കാട്ടാനകൾ കുത്തി നശിപ്പിക്കുകയായിരുന്നു. വനാതിർത്തിയിലെ വൈദ്യുതി വേലി മരം വീണു തകർന്ന നിലയിലാണ്.
ഇതുവഴിയാണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തിയത്. 2023ൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സ്ഥലത്താണു കഴിഞ്ഞ ദിവസം കാട്ടാനകൾ എത്തി കൃഷി നശിപ്പിച്ചത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യമായാണു ഇവിടെ കാട്ടാനകൾ എത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ റബർ വെട്ടാൻ എത്തിയ അരീക്കാട്ട് ഷൈബിയാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതായി കാണുന്നത്.