ഐഒസി യുകെ പീറ്റർബൊറോ യൂണിറ്റ് സംഘടിപ്പിക്കുന്ന "മധുരം മലയാളം' ക്ലാസുകൾ ആരംഭിച്ചു
റോമി കുര്യാക്കോസ്
Wednesday, August 6, 2025 3:15 PM IST
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യുകെയിലെ വിദ്യാർഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം.
തിങ്കളാഴ്ച പീറ്റർബൊറോയിലെ സെന്റ് മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഹാളിൽ നടന്ന ആദ്യ ക്ലാസ് കെപിസിസി ജനറൽ സെക്രട്ടറിയും കെപിസിസിയുടെ പബ്ലിക്കഷൻ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മൂന്നാം ക്ലാസ് മുതൽ എ ലെവൽ വരെയുള്ള 21 വിദ്യാർഥികൾ ആദ്യ ദിന ക്ലാസിൽ പങ്കെടുത്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് ആൻഡ് നാഷണൽ അഫേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യുകെയിലെ പ്രമുഖ മലയാളി സാഹിത്യകാരനും ലോക റിക്കാർഡ് ജേതാവുമായ കാരൂർ സോമൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറർ ദിനു എബ്രഹാം കൃതജ്ഞത അർപ്പിച്ചു. ചടങ്ങുകൾക്ക് സിബി അറയ്ക്കൽ, അനൂജ് മാത്യൂ തോമസ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.
സെന്റ് മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഡയറക്ടർ സോജു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മലയാള ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ മുതൽ അക്ഷരമാല പൂർണമായും ശാസ്ത്രീയമായി വിദ്യാർഥികളെ പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം ക്ലാസ് മുതൽ എ ലെവൽ വരെയുള്ള മലയാളം പഠിക്കാൻ തത്പരരായ വിദ്യാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടും. പത്തു ദിന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പിന്നീട് പ്രത്യേകമായി ഒരുക്കുന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.