ലിവർപൂൾ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മനോജ് ജോസഫ്
Friday, September 19, 2025 7:13 AM IST
വെസ്റ്റ് ഡെർബിയ : നാടൻ സദ്യയും നാടൻ മേളങ്ങളും നാട്യ വിസ്മയങ്ങളുമൊരുക്കി ലിവർപൂൾ മലയാളി അസോസിയേഷൻ ഓണാഘോഷം. സെപ്റ്റംബർ 13ന് വെസ്റ്റ് ഡെർബിയിലെ കാർഡിനൽ ഹീനൻ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
രാവിലെ 9ന് ലിമ കുടുംബാംഗങ്ങൾ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളും മുതിർന്നവരും പങ്കെടുത്ത കായിക മത്സരങ്ങൾ നടന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഓണാഘോഷത്തിന് ആവേശം പകർന്നു. ഓണാഘോഷ പരിപാടികൾ രാത്രി 11.30 വരെ നീണ്ടുനിന്നു. പരിപാടികളിൽ പങ്കെടുത്തവർ കേരളത്തിന്റെ തനത് വസ്ത്രങ്ങൾ അണിഞ്ഞെത്തി.

ലിവർപൂളിലെ വിഡ്നെസിലുള്ള ഗോൾഡ് മൈൻ റസ്റ്റോറന്റ് ഒരുക്കിയ ഇരുപത്തിയാറു വിഭവങ്ങളുള്ള വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു. ലിവർപൂൾ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികേരളീയ വേഷമണിഞ്ഞു താലപ്പൊലികളേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്ടാതിഥിയെയും വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ലിമയിലെ യുവതികൾ അവതരിപ്പിച്ച തിരുവാതിര അരങ്ങേറി.
ലിമ പ്രസിഡന്റ് സോജൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി ആതിര ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായ RCN പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യനും പ്രശസ്ത സിനിമാതാരം നേഹ സക്സേനയും ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദേശത്ത് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്ന് നേഹ സക്സേന പറഞ്ഞു.
25 വർഷമായി മലയാളി സമൂഹത്തിന് ലിമ നൽകിയ സംഭാവനകളെ ബിജോയ് സെബാസ്റ്റ്യൻ പ്രശംസിച്ചു.തുടർന്ന് യുക്മ വള്ളംകളി മത്സരത്തിലും യുക്മ നോർത്ത് വെസ്റ്റ് ദേശീയ കായിക മത്സരങ്ങളിലും വിജയം കരസ്ഥമാക്കിയവരെയും GCSC, A-Level പരീക്ഷകളിൽ മികച്ച വിജയം നേടിയ ലിമ കുടുംബത്തിലെ കുട്ടികളെയും ആദരിച്ചു. 'Face of LIMA' മത്സരത്തിൽ മലയാളി മങ്കയായി സനുജയും കേരള ശ്രീമാനായി അരുണും തെരഞ്ഞെടുക്കപ്പെട്ടു.
വൈവിധ്യമാർന്ന കലാപരിപാടികളാണ് ലിമയുടെ ’ദേ മാവേലി 2025’ ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. കേരളത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന നൃത്തങ്ങളും ഗാനങ്ങളും സ്കിറ്റുകളും ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ ഫാമിലി എന്റർടെയ്ൻമെന്റ് കോമഡി സ്കിറ്റും ശ്രദ്ധേയമായി.