യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ
Saturday, September 13, 2025 4:02 PM IST
ലണ്ടൻ: യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവുശിക്ഷ. ബർമിംഗ്ഹാമിലെ വീട്ടിൽ വച്ചാണ് 76കാരിയായ മൊഹീന്ദർ കൗറിനെ മകൻ സുർജിത് സിംഗ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ടിവി റിമോട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്രൂരമായ മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണം.
സംഭവത്തിന് പിന്നാലെ വീട്ടിൽനിന്നും മടങ്ങിയ പ്രതി ഇതേക്കുറിച്ച് ബന്ധുവിനെ അറിയിച്ചിരുന്നു. പോലീസെത്തി ക്യൂൻ എലിസബത്ത് ആശുപത്രിയിൽ മൊഹീന്ദർ കൗറിനെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണംസംഭവിച്ചിരുന്നു.
വെള്ളിയാഴ്ച ബർമിംഗ്ഹാം ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 വർഷം തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം മാത്രമേ പ്രതിയുടെ പരോൾഅപേക്ഷ സ്വീകരിക്കാവു എന്നും കോടതി നിർദേശിച്ചു.
സംഭവത്തിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ പ്രതിയുടെ രക്തത്തിൽ നിന്നും മദ്യത്തിന്റെയും കൊക്കെയ്ന്റെയും അംശം കണ്ടെത്തി.