പാക്കിസ്ഥാനു ജയം
Saturday, September 13, 2025 1:16 AM IST
ദുബായ്: ദുർബലരായ ഒമാനു മുന്നിൽ പൊരുതാനാകാതെ പാക്കിസ്ഥാൻ ബാറ്റർമാർ വീണപ്പോൾ ഒമാൻ ബാറ്റർമാരെ എറിഞ്ഞിട്ട് വൻ ജയമൊരുക്കി പാക് ബൗളർമാർ. 93 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ ജയം.
ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നേടിയ പാക് ക്യാപ്റ്റൻ വൻ സ്കോർ പ്രതീക്ഷിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്തു. മധ്യനിരയും വാലറ്റവും ഒമാൻ ബൗളർമാർക്ക് വിക്കറ്റ് നൽകാൻ മത്സരിച്ചതോടെ സ്കോർ 160 അവസാനിച്ചു. മുഹമ്മദ് ഹാരിസ് (66 റണ്‍സ്, ഏഴ് ഫോറും മൂന്നു സിക്സും) മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. സ്കോർ: പാക്കിസ്ഥാൻ: 20 ഓവറിൽ 160/7. ഒമാൻ: 16.4 ഓവറിൽ 67 റണ്‍സ്.
തുടക്കം വിറച്ചു:
പാക്കിസ്ഥാൻ ഓപ്പണർ സയീം അയൂബ് (0) അക്കൗണ്ട് തുറക്കും മുന്‍പ് പവലിയനിൽ തിരിച്ചെത്തി. ടീം സ്കോർ നാലിൽ നിൽക്കുന്പോൾ ഷാഹ് ഫൈസൽ വിക്കറ്റിനു മുന്നിൽ കുരുക്കി. മൂന്നാം നന്പരിലിറങ്ങിയ മുഹമ്മദ് ഹാരിസ് വെടിക്കെട്ട് ബാറ്റിംഗുമായി കോർ ചലിപ്പിച്ചു. ഓപ്പണർ ഹിബ്സാദ ഫർഹാനൊപ്പം (29) സ്കോർ 89ൽ എത്തിച്ചു. ആമീർ കലീം ഈ കൂട്ടുകെട്ട് പൊളിച്ചതോടെ പാക്കിസ്ഥാന്റെ പതനം തുടങ്ങി.
നാലാം നന്പരിലിറങ്ങിയ ഫഖർ സമാൻ (23*) ഒരറ്റത്തു പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ മറുവശത്ത് ഒമാൻ വിക്കറ്റ് കൊയ്ത്ത് നടത്തി. മുഹമ്മദ് നവാസ് (19) മാത്രമാണ് രണ്ടക്കം കടന്നത്. ഷാ ഫൈസലും അമീർ കലീമും ഒമാനുവേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് നദീം ഒരു വിക്കറ്റ് നേടി.
എറിഞ്ഞ് വിറപ്പിച്ചു:
ഒമാനെ വിറപ്പിച്ച് പാക്കിസ്ഥാൻ ബൗളിംഗ് ആക്രമണം തുടങ്ങി. സ്കോർ രണ്ടിൽ നിൽക്കുന്പോൾ ഒരു റണ്‍സുമായി ഓപ്പണർ ജതീന്ദർ സിംഗിനെ സയീം അയൂബ് വീഴ്ത്തി. ഹമദ് മിർസ (27), ആമിർ കലീം (13) മാത്രമാണ് രണ്ടക്കം കടന്നത്.
പാക് നിരയിൽ സയിം അയൂബ്, സുഫിയാൻ മുക്വീൻ, ഫഹീം അഷ്റഫ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്ത്യ X പാക്കിസ്ഥാൻ പോരാട്ടം നാളെ
ദുബായ്: എഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ആരാധകർ കാത്തിരുന്ന ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം നാളെ ദുബായിൽ നടക്കും. രാത്രി എട്ടിനാണ് മത്സരം.
നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ രണ്ടാം ജയത്തിനിറങ്ങുന്പോൾ പാക്കിസ്ഥാനും രണ്ടാം ജയം ലക്ഷ്യമിട്ടാണ് മത്സരത്തിനിറങ്ങുന്നത്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെ അനായാസം പരാജയപ്പെടുത്തിയിരുന്നു.