ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെസ്റ്റ് ഓഫ് ഓള് ടൈം
Friday, September 12, 2025 2:57 AM IST
ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ലീഗ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബെസ്റ്റ് ഓഫ് ഓള് ടൈം പുരസ്കാരം നല്കി ആദരിച്ചു.
ലോക ഫുട്ബോളിനു നല്കിയ സംഭാവനകളും വര്‍ക്ക് എത്തിക്സും പരിഗണിച്ചാണ് സിആര്‍7ന് ഈ പുരസ്കാരം നല്‍കിയെതെന്ന് അധികൃതര്‍ വ്യക്തമാക്കി. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാരന്‍, 141 ഗോള്‍.
കളിക്കളത്തിലെ കണക്കുകള്‍ക്കും അപ്പുറമാണ് ക്രിസ്റ്റ്യാനോയുടെ സ്വാധീനമെന്നും ലിഗ പോര്‍ച്ചുഗല്‍ വ്യക്തമാക്കി.
ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം അഞ്ച് തവണ നേടിയ താരമാണ് 40കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ലോക റിക്കാര്‍ഡ് ലോഡിംഗ്
2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം ഹംഗറിക്കെതിരേ ഗോള്‍ നേടിയതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്ഡിനൊപ്പവും സിആര്‍7 എത്തി. പോര്‍ച്ചുഗല്‍ 3-2നു ജയിച്ച മത്സരത്തില്‍ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ റൊണാള്‍ഡോയ്ക്ക് ഇതോടെ 39 ഗോളായി; ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിന്റെ റിക്കാര്‍ഡിന് ഒപ്പം. 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന് നാല് മത്സരങ്ങള്‍കൂടി ശേഷിക്കുന്നുണ്ട്. ഈ വര്‍ഷംതന്നെ സിആര്‍7 കാര്‍ലോസ് റൂയിസിന്റെ റിക്കാര്‍ഡ് തിരുത്തുമെന്ന് ഉറപ്പ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് (36 ഗോള്‍) ഗോള്‍ നേട്ടക്കാരില്‍ റൊണാള്‍ഡോയ്ക്കും റൂയിസിനും പിന്നില്‍.
30നുശേഷം ഗോളോട് ഗോള്‍
പ്രായം 30 തികഞ്ഞതിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ സ്കോറിംഗ് ടോപ് ഗിയറിലേക്കെത്തിയതെന്നതും ശ്രദ്ധേയം. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് 40 വയസ് പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, അതിനുശേഷം ഇതുവരെയായി 20 ഗോള്‍ നേടിക്കഴിഞ്ഞു. 30, 31, 32 വയസുകളില്‍ 50ല്‍ അധികം ഗോള്‍ റൊണാള്ഡോയില്നിന്നു പിറന്നു.
കരിയറില്‍ 1,000 ഗോള്‍ എന്നതിലേക്കുള്ള കുതിപ്പിലാണ് റൊണാള്‍ഡോ. രാജ്യത്തിനും ക്ലബ്ബിനുമായി ഇതുവരെ 943 ഗോള്‍ റൊണാള്‍ഡോ നേടിക്കഴിഞ്ഞു. 1,000 ഗോളിലേക്ക് സിആര്‍7ന് ഇനിയുള്ളത് 57 ഗോളിന്റെ അകലം മാത്രം...