ട്രംപിന്റെ വിശ്വസ്തൻ കിർക്ക് കൊല്ലപ്പെട്ടു
Friday, September 12, 2025 3:48 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും യുവജനങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന യാഥാസ്ഥിതിക നേതാവുമായ ചാർലി കിർക്ക് (31) വെടിയേറ്റു കൊല്ലപ്പെട്ടു.
യൂട്ടാ സംസ്ഥാനത്തെ യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ സംവാദത്തിലേർപ്പെട്ടിരിക്കേ സമീപത്തുള്ള കെട്ടിടത്തിൽനിന്ന് അജ്ഞാതൻ വെടിയുതിർത്തു എന്നാണു നിഗമനം. അക്രമിക്കായി ഊർജിത തെരച്ചിൽ നടന്നുവരുന്നു. അക്രമി ഉപയോഗിച്ചതെന്നു കരുതുന്ന റൈഫിൾ മരക്കൂട്ടത്തിൽനിന്നു കണ്ടെടുത്തു.
യൂണിവേഴ്സിറ്റി ക്ഷണപ്രകാരമെത്തിയ കിർക്ക് തുറന്ന വേദിയിലെ താത്കാലിക പന്തലിനു കീഴിലിരുന്നു ചോദ്യങ്ങൾക്ക് ഉത്തരം നൽകവേ കഴുത്തിനു വെടിയേൽക്കുകയായിരുന്നു. ഉടൻതന്നെ അദ്ദേഹം പിന്നോട്ടു മറിയുകയും പരിപാടിയിൽ പങ്കെടുത്ത മൂവായിത്തോളം പേർ പരിഭ്രാന്തരാവുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കിർക്ക് മരിച്ചതായി പ്രസിഡന്റ് ട്രംപ് മണിക്കൂറുകൾക്കകം അറിയിച്ചു.
തോക്ക് അവകാശങ്ങൾക്കായി വാദിച്ചിരുന്ന കിർക്ക്, വെടിവയ്പു സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്കവേയാണ് ആക്രമിക്കപ്പെട്ടത്.
അക്രമിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം എഫ്ബിഐ പുറത്തുവിട്ടു. വേദിക്ക് 130 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകളിൽനിന്നാണു വെടിയുതിർത്തതെന്നു കരുതുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് അവരെ വിട്ടയച്ചു.
ലിബറൽ നിലപാടുകളുള്ള അമേരിക്കൻ കാന്പസുകളിൽ യാഥാസ്ഥിതികത്വം പ്രോത്സാഹിപ്പിക്കാനായി പതിനെട്ടാം വയസിൽ ‘ടേണിംഗ് പോയിന്റ് യുഎസ്എ’ എന്ന സംഘടന സ്ഥാപിച്ചയാളാണു ചാർലി കിർക്ക്. കാന്പസുകളിൽ പരസ്യ സംവാദങ്ങൾ നടത്തുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി. തോക്ക് അവകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ കിർക്കിന്റെ നിലപാടുകൾ വിവാദങ്ങളായിരുന്നു.
ഇപ്രാവശ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനു യുവജനങ്ങളുടെ വോട്ട് ലഭിക്കുന്നതിൽ കിർക്ക് വലിയ പങ്കുവഹിച്ചതായി കരുതുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞയിൽ കിർക്കിനു ക്ഷണമുണ്ടായിരുന്നു. അദ്ദേഹം കൂടെക്കൂടെ വൈറ്റ്ഹൗസ് സന്ദർശിക്കാറുമുണ്ടായിരുന്നു. “മഹാനായ ഇതിഹാസം ചാർലി കിർക്ക് മരിച്ചു’’ എന്നാണു ട്രംപ് പ്രതികരിച്ചത്.
കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നല്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്.
മുൻ പ്രസിഡന്റുമാരായ ജോ ബൈഡൻ, ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ ആക്രമണത്തെ അപലപിക്കുകയും കിർക്കിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.