കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; 21 വയോധികർ കൊല്ലപ്പെട്ടു
Wednesday, September 10, 2025 2:20 AM IST
കീവ്: കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ 21 വയോധികർ കൊല്ലപ്പെട്ടു. പെൻഷൻ വാങ്ങാൻ വരിനിന്നവരാണു കൊല്ലപ്പെട്ടത്. 21 പേർക്കു പരിക്കേറ്റു. ഡോണറ്റ്സ്ക് മേഖലയിലെ യരോവ ഗ്രാമത്തിലായിരുന്നു ബോംബ് ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.
അങ്ങേയറ്റം നിഷ്ഠുരമെന്നാണു റഷ്യൻ ആക്രമണത്തെ സെലൻസ്കി വിശേഷിപ്പിച്ചത്.“ലോകം നിഷ്ക്രിയമായി തുടരരുത്. അമേരിക്ക പ്രതികരിക്കണം, യൂറോപ്പ് പ്രതികരിക്കണം’’- സെലൻസ്കി ആവശ്യപ്പെട്ടു. 2022 യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം 12,000 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നു യുഎൻ അറിയിച്ചു.
കിഴക്കൻ യുക്രെയ്നിലെ മിക്ക ഗ്രാമങ്ങളിലും എടിഎമ്മുകളില്ല. ഡിജിറ്റൽ ബാങ്കിംഗ് പരിചിതമല്ലാത്ത വയോധികർ പെൻഷൻ വാങ്ങുന്നത് പോസ്റ്റ് ഓഫീസ് വഴിയാണ്. മാസത്തിലൊരു ദിവസമാണ് പെൻഷൻ ലഭിക്കുക. പെൻഷൻ വാങ്ങാൻ വരി നിന്നവരാണ് റഷ്യൻ ബോംബാക്രമണത്തിനിരയായത്.
യുദ്ധമുന്നണിയിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് യരോവ സ്ഥിതി ചെയ്യുന്നത്. 2022ൽ ഇവിടം റഷ്യ പിടിച്ചെടുത്തിരുന്നു. എന്നാൽ, അതേവർഷംതന്നെ യുക്രെയ്ൻ ഈ പ്രദേശം തിരികെപ്പിടിച്ചു.