ഷിയുമായി കൂടിക്കാഴ്ചയ്ക്ക് ട്രംപിന്റെ പദ്ധതി
Monday, September 8, 2025 2:07 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ചയ്ക്കു പദ്ധതിയിടുന്നതായി സിഎൻഎൻ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽവച്ച് ഷിയുമായി ചർച്ച നടത്താനാണ് ട്രംപിന്റെ ആഗ്രഹം. ഇതു സംബന്ധിച്ച് ഗൗരവമേറിയ ചർച്ചകൾ നടക്കുന്നതായി ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പ റയുന്നു.
ദക്ഷിണകൊറിയയിലെ ഗ്യോംഗ്ജുവിൽ ഒക്ടോബർ 31 മുതൽ നവംബർ ഒന്നുവരെയാണ് ഉച്ചകോടി. ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
വാണിജ്യയുദ്ധത്തിൽ അമേരിക്കയും ചൈനയും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ഷിയെ കാണാനുള്ള ട്രംപിന്റെ നീക്കം. ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഉച്ചകോടി വഴിയൊരുക്കിയേക്കുമെന്നും പറയുന്നു.