ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണം: ഇസ്രേലി പ്രസിഡന്റിനോട് മാർപാപ്പ
Friday, September 5, 2025 3:06 AM IST
വത്തിക്കാൻ സിറ്റി: ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ വേണമെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സഹായം ലഭിക്കുന്നുവെന്നത് ഉറപ്പുവരുത്തണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാനിലെത്തിയ ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ഗാസയിലെ ബന്ദികളെ അടിയന്തരമായി മോചിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധം സംബന്ധിച്ച വത്തിക്കാൻ വിഭാഗം സെക്രട്ടറി ആർച്ച്ബിഷപ് പോൾ ആർ. ഗല്ലഗർ എന്നിവരുമായും ഇസ്രേലി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യം, പ്രത്യേകിച്ച് ഗാസയിലെ ദുരിതാവസ്ഥ ഇസ്രേലി പ്രസിഡന്റുമായി ചർച്ച ചെയ്തതായി വത്തിക്കാൻ പ്രസ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ‘"ചർച്ചകൾ വേഗത്തിൽ പുനരാരംഭിക്കുന്നതിനുള്ള പ്രതീക്ഷ പങ്കുവച്ചു. അതുവഴി എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അടിയന്തരമായി സ്ഥിരമായ വെടിനിർത്തൽ സാധ്യമാക്കാനും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് മാനുഷികസഹായം സുരക്ഷിതമായി പ്രവേശിക്കുന്നത് സുഗമമാക്കാനും രണ്ട് ജനതകങ്ങളുടെയും ന്യായമായ അഭിലാഷങ്ങൾക്കൊപ്പം മാനുഷിക നിയമങ്ങളോടുള്ള പൂർണബഹുമാനം ഉറപ്പാക്കാനും കഴിയും’’ -വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.
പലസ്തീൻ ജനതയുടെ ഭാവി എങ്ങനെ ഉറപ്പാക്കാമെന്നും മേഖലയിലെ സമാധാനവും സ്ഥിരതയും സംബന്ധിച്ചും ചർച്ചകൾ നടന്നതായും ഇപ്പോഴത്തെ യുദ്ധത്തിൽനിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന തങ്ങളുടെ വീക്ഷണം വത്തിക്കാൻ ആവർത്തിച്ചതായും പ്രസ്താവനയിൽ പറയുന്നു. പരിശുദ്ധ സിംഹാസനവും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ മൂല്യത്തെക്കുറിച്ചും ചർച്ച ചെയ്തു.