യുക്രെയ്ൻ യുദ്ധത്തിന്റെ മൂലകാരണം നാറ്റോ വ്യാപനം: പുടിൻ
Tuesday, September 2, 2025 2:09 AM IST
ടിയാൻജിൻ: പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലപ്പെടുത്താൻ നടത്തിയ നീക്കമാണു യുക്രെയ്ൻ യുദ്ധത്തിന്റെ യഥാർഥ കാരണമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്നിൽ സമാധാനം ഉണ്ടാകണമെങ്കിൽ, നാറ്റോയുടെ കിക്കൻ വിപുലീകരണം എന്ന പ്രശ്നത്തെ അഭിമുഖീകരിക്കണം.
ഷാംഗ്ഹായ് സഹകരണ സമിതി ഉച്ചകോടിക്കിടെ (എസ്സിഒ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായും സംസാരിച്ചശേഷമാണു പുടിൻ ഇതു പറഞ്ഞത്.
പാശ്ചാത്യശക്തികൾ മുൻ സോവ്യറ്റ് രാഷ്ട്രമായ യുക്രെയ്നെ തങ്ങളുടെ ഭ്രമണപഥത്തിലെത്തിക്കാൻ നീക്കം നടത്തി. നാറ്റോയിൽ അംഗത്വം വാഗ്ദാനം ചെയ്ത് യുക്രെയ്നെ വശീകരിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ മൂലകാരണം ഇതാണ്. ഇത് പരിഹരിച്ചാലേ യുദ്ധം അവസാനിക്കൂ.
കഴിഞ്ഞമാസം അലാസ്കയിൽ യുഎസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ ഉച്ചകോടിയിൽ യുക്രെയ്ൻ സമാധാനത്തിനു ധാരണ ഉണ്ടായെന്നും പുടിൻ വെളിപ്പെടുത്തി.
ഷാംഗ്ഹായ് സഹകരണ സമിതി ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയും ചൈനയും മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങളെ ഏറെ വിലമതിക്കുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഉച്ചകോടിക്കിടെ പുടിന്റെ കൈപിടിച്ചാണു മോദി സംസാരിച്ചത്. ചിൻപിംഗും ഒപ്പമുണ്ടായിരുന്നു. മൂവരും ഏറെ സന്തോഷത്തിലായിരുന്നു. പരിഭാഷകരുടെ സഹായത്തോടെയായിരുന്നു സംസാരം.