മിനിയാപൊളിസ് ആക്രമണത്തിൽ കത്തോലിക്കാവിരുദ്ധത: എഫ്ബിഐ
Friday, August 29, 2025 1:28 AM IST
വാഷിംഗ്ടൺ ഡിസി: രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട മിനിയാപൊളിസ് സ്കൂൾ വെടിവയ്പു സംഭവത്തെ കത്തോലിക്കാവിരുദ്ധ കുറ്റകൃത്യമായും ആഭ്യന്തര തീവ്രവാദമായും പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അമേരിക്കയിലെ എഫ്ബിഐ ഏജൻസി അറിയിച്ചു.
ബുധനാഴ്ച രാവിലെ സ്കൂളിലെ പള്ളിയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്പിൽ 17 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവർക്ക് എട്ട്, പത്ത് വയസാണു പ്രായം.
റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ്ജെൻഡറാണ് ആക്രമണം നടത്തിയത്. ഇയാളെ സ്വയം വെടിവച്ചു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. റോബർട്ട് എന്ന പേര് 2020ൽ റോബിൻ എന്നാക്കുകയായിരുന്നു. ഇയാളുടെ അമ്മ മുന്പ് ഈ സ്കൂളിൽ ജോലി ചെയ്തിരുന്നു.
ഇയാളുടെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഇന്ത്യക്കും ഇസ്രയേലിനും എതിരായ സന്ദേശങ്ങളുണ്ടായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. വീഡിയോകൾ അധികൃതർ നീക്കംചെയ്തു.
ലെയോ പതിനാലാമൻ മാർപാപ്പ, മിനിയാപൊളിസ് ആക്രമണത്തിൽ അഗാധ ദുഃഖം പ്രകടിപ്പിക്കുകയും ഇരകൾക്കായി പ്രാർഥിക്കുകയും ചെയ്തു. നിഷ്കളങ്കരായ കുട്ടികൾക്കും വിശ്വാസികൾക്കും നേർക്കുണ്ടായ ആക്രമണം ആണിതെന്ന് മിനിയാപൊളിസ് പോലീസ് അധികൃതർ പറഞ്ഞു.