ഇന്ത്യ-പാക് സംഘർഷം: ഇടപെട്ടെന്ന് വീണ്ടും ട്രംപ്
Thursday, August 28, 2025 3:53 AM IST
വാഷിംഗ്ടൺ: ഇന്ത്യ-പാക് സംഘർഷം ആണവപോരാട്ടമായി മാറുന്നതിൽനിന്നു തടഞ്ഞത് താനാണെന്ന വാദം വീണ്ടുമുയർത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വെടിനിർത്തൽ കരാറിന് വഴങ്ങിയില്ലെങ്കിൽ ഇന്ത്യക്കുമേൽ താരിഫുകൾ ചുമത്തുമെന്നും രാജ്യവുമായി വ്യാപാരക്കരാറുകളുണ്ടാക്കില്ലെന്നും ഭീഷണിപ്പെടുത്തിയാണ് ഇതു സാധിച്ചതെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിനിടെയായിരുന്നു ട്രംപിന്റെ വാക്കുകൾ.
“നരേന്ദ്ര മോദിയോട് ഞാൻ ചോദിച്ചു, നിങ്ങളും പാക്കിസ്ഥാനും തമ്മിലെന്താണ് നടക്കുന്നത്? പല പേരുകളിൽ ഇതെല്ലാം നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായല്ലോ. നിങ്ങളുമായി യുഎസ് വ്യാപാരക്കരാറുകളുണ്ടാക്കില്ല, തീരുവകൾ ചുമത്തുകയും ചെയ്യും. ഇതെല്ലാം ആണവയുദ്ധത്തിൽ ചെന്ന് അവസാനിക്കുമെന്നു തീർച്ചയാണ്. നാളെ എനിക്ക് ഫോൺ ചെയ്യണം...അഞ്ച് മണിക്കൂറിനുള്ളിൽ കാര്യം നടന്നു', ട്രംപ് പറഞ്ഞു.
സംഘർഷം നാളെ പുനരാരംഭിച്ചാലും സമാനരീതിയിൽ ഇടപെട്ട് നിർത്തിവയ്പിക്കും. ലോകമെന്പാടും ഏഴ് യുദ്ധങ്ങൾ ഇത്തരത്തിൽ താൻ നിർത്തലാക്കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
കൂടാതെ, ഇന്ത്യ-പാക് സംഘർഷവേളയിൽ ഏഴോ അതിലധികമോ ജെറ്റ് വിമാനങ്ങൾ എതിർവിഭാഗം വെടിവച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, ഏത് രാജ്യത്തിനാണ് വിമാനങ്ങൾ നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയതുമില്ല.