കിഴക്കൻ യുക്രെയ്നിൽ റഷ്യൻ മുന്നേറ്റം
Thursday, August 28, 2025 3:53 AM IST
കീവ്: കിഴക്കൻ പ്രവിശ്യയായ നിപ്രോപെട്രോവ്സ്കിൽ റഷ്യൻ സേന പ്രവേശിച്ചതായി യുക്രെയ്ൻ സ്ഥിരീകരിച്ചു. ഇവിടുത്തെ ചില പ്രദേശങ്ങൾ റഷ്യൻ സേനയുടെ നിയന്ത്രണത്തിലായെന്നു റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം യുക്രെയ്ൻ സേന സമ്മതിച്ചിട്ടില്ല.
കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേന ഏതാണ്ട് പൂർണമായി നിയന്ത്രണത്തിലാക്കിയ ഡോണറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളോടു ചേർന്നാണ് നിപ്രോപെട്രോവ്സ്ക് സ്ഥിതി ചെയ്യുന്നത്. യുക്രെയ്ൻ സേനയുടെ മുന്നണി തകർത്ത് ഇവിടെ കടന്നതായി ജൂൺ മുതൽ റഷ്യ അവകാശപ്പെടുന്നുണ്ട്.
യുദ്ധം അവസാനപ്പിക്കാനുള്ള നീക്കങ്ങളിൽ റഷ്യ സഹകരിക്കാത്ത പശ്ചാത്തലത്തിൽ നിപ്രോപെട്രോവ്സ്കിലെ സൈനികസാഹചര്യങ്ങൾ യുക്രെയ്നു വലിയ തിരിച്ചടിയാണ്. മറ്റു മേഖലകളിലും റഷ്യൻ സേന പരിമിതമായ മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ടുണ്ട്.