ട്രംപിന്റെ കാഴ്ചപ്പാട് ഇന്ത്യ ഗൗരവത്തോടെ കാണണമെന്ന് നിക്കി ഹാലി
Monday, August 25, 2025 12:30 AM IST
ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിനെ സംബന്ധിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്ടപ്പാട് ഇന്ത്യ ഗൗരവത്തോടെ കാണണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹാലി. റഷ്യൻ എണ്ണ ഉൾപ്പെടെയുള്ള വ്യാപാരതർക്കങ്ങൾ പരിഹരിക്കാൻ ന്യൂഡൽഹി വൈറ്റ് ഹൗസുമായി സഹകരിച്ച് ചർച്ച ചെയ്യണമെന്നും അവർ എക്സിൽ കുറിച്ചു.
ന്യൂസ് വീക്കിന് വേണ്ടി താൻ എഴുതിയ ലേഖനവും ഇതോടൊപ്പം അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. “റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തെ സ്പോൺസർ ചെയ്യുന്ന ഇന്ത്യയുടെ എണ്ണ വാങ്ങൽ നയത്തെ ലക്ഷ്യം വച്ച ട്രംപിന്റെ നീക്കം ശരിയാണ്. എന്നാൽ, ഇന്ത്യ ചൈനയെപ്പോലെയൊരു എതിരാളിയല്ല. വിലപ്പെട്ട ജനാധിപത്യ പങ്കാളിയാണ്”- ലേഖനത്തിൽ പറയുന്നു.
ഇന്ത്യയും യുഎസും തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന സൗഹൃദത്തെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. ഇരുരാജ്യങ്ങൾ തമ്മിൽ തീരുവയെച്ചൊല്ലിയുള്ള സംഘർഷം നിലനിൽക്കവേ, ഇന്ത്യയെ അനുകൂലിക്കുന്നതിന്റെ പേരിൽ ഹാലിക്ക് സ്വന്തം പാർട്ടിയിൽനിന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു.